---
title: "മാസ് കാണിക്കാൻ നോക്കി കുടുങ്ങിയല്ലേ...? നഗരത്തിൽ ആളുകളെ ഭീതിയിലാഴ്ത്തി ചീറിപ്പാഞ്ഞ് കാർ, ഒടുവിൽ ചെന്നുനിന്നത് പൊലീസ് സ്റ്റേഷനിൽ, ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി"
english_title: "Tirur Police Seizes Modified Car For Heavy Exhaust Sound"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372462/tirur-police-seizes-modified-car-loud-silencer"
published_at: "2026-07-15T10:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5715a42c6e3_tirur-police-seizes-modified-car-loud-silencer.jpg"
keywords: ["Kerala Police", "Tirur News", "Noise Pollution", "Modified Car"]
---

# മാസ് കാണിക്കാൻ നോക്കി കുടുങ്ങിയല്ലേ...? നഗരത്തിൽ ആളുകളെ ഭീതിയിലാഴ്ത്തി ചീറിപ്പാഞ്ഞ് കാർ, ഒടുവിൽ ചെന്നുനിന്നത് പൊലീസ് സ്റ്റേഷനിൽ, ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

> **Lead Summary:** **മലപ്പുറം: **തിരൂരിൽ സൈലൻസർ ഉൾപ്പെടെ മാറ്റി ഘോരശബ്ദത്തോടെ ചീറിപ്പാഞ്ഞ് ആളുകളെ ഭീതിയിലാഴ്തിയ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്. സൈലൻസർ മാറ്റി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി നഗരത്തിലൂടെ പാഞ്ഞ ആഡംബര കാറിനെതിരെ നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിന് ലഭിച്ചത്.

## Article Content

**മലപ്പുറം: **തിരൂരിൽ സൈലൻസർ ഉൾപ്പെടെ മാറ്റി ഘോരശബ്ദത്തോടെ ചീറിപ്പാഞ്ഞ് ആളുകളെ ഭീതിയിലാഴ്തിയ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്. സൈലൻസർ മാറ്റി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി നഗരത്തിലൂടെ പാഞ്ഞ ആഡംബര കാറിനെതിരെ നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിന് ലഭിച്ചത്.

ശബ്ദമലിനീകരണവും പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുത്ത് തിരൂർ പൊലീസ് കാറിനായി തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ സംശയാസ്പദമായ കാർ പൊലീസ് സ്റ്റേഷന്റെ സമീപത്തേക്ക് തന്നെ ഓടിച്ചെത്തിയതോടെ ഉദ്യോഗസ്ഥർ ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരിശോധനയിൽ കാറിന്റെ സൈലൻസറിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തി. സാധാരണ സൈലൻസറിന് പകരം ശബ്ദം കൂട്ടുന്ന തരത്തിലുള്ള മോഡിഫിക്കേഷനാണ് നടത്തിയിരുന്നത്. ഇതുകൂടാതെ വാഹനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടായിരുന്നു.

തുടർന്ന് കാറിന്റെ ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസിന്റെ മേൽനോട്ടത്തിൽ എല്ലാ മോഡിഫിക്കേഷനുകളും അഴിച്ചുമാറ്റിച്ചു. മോട്ടോർ വാഹന നിയമപ്രകാരം വൻതുക പിഴയും ചുമത്തി. നിയമം ലംഘിച്ച് വാഹനങ്ങൾ മാറ്റി നിർമിച്ച് നഗരത്തിൽ ശല്യമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരൂർ പൊലീസ് വ്യക്തമാക്കി.

ഇത്തരത്തിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതും മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്നതുമായ മോഡിഫൈഡ് വാഹനങ്ങൾക്കെതിരെ നഗരത്തിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. നഗരവാസികൾക്ക് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ പറഞ്ഞു. പൊതുജനങ്ങൾ ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372462/tirur-police-seizes-modified-car-loud-silencer)