---
title: "ഓഫർ കൊള്ളാല്ലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം"
english_title: "Scam Call to Kerala MLA: 3 Crore Offered for Minister Post in Priyanka Gandhi's Name"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372439/kerala-mla-scam-call-3-crore-minister-priyanka-gandhi"
published_at: "2026-07-15T08:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56fb865988a_kerala-mla-scam-call-3-crore-minister-priyanka-gandhi.jpg"
keywords: ["Elathur MLA", "Cyber Fraud", "Scam Call", "Priyanka Gandhi"]
---

# ഓഫർ കൊള്ളാല്ലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് എലത്തൂരിൽ എം എൽ എ യ്ക്ക് വ്യാജഫോൺകോൾ. മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദം നൽകാമെന്ന് ഓഫർ. എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനാണ് ഇത്തരമൊരു വ്യാജ ഫോൺ കോൾ കഴിഞ്ഞ ദിവസം ലഭിച്ചത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് എലത്തൂരിൽ എം എൽ എ യ്ക്ക് വ്യാജഫോൺകോൾ. മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദം നൽകാമെന്ന് ഓഫർ. എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനാണ് ഇത്തരമൊരു വ്യാജ ഫോൺ കോൾ കഴിഞ്ഞ ദിവസം ലഭിച്ചത്.

വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാൻ സഹായിക്കാമെന്നുമായിരുന്നു ഫോണിലെ വാഗ്ദാനം.

ജൂലൈ ആറിനാണ് വാട്സ്ആപ്പ് കോൾ എത്തിയത്. രാജ്കുമാർ എന്ന പേരാണ് വിളിച്ചയാൾ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു സംഭാഷണം. ജില്ലയിലെ ഒരു എം.പിയാണ് തന്റെ നമ്പർ നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സംശയം തോന്നിയ എം.എൽ.എ കൂടുതൽ വിവരങ്ങൾക്ക് പണം നൽകാമെന്ന് പറഞ്ഞ് സംസാരം നീട്ടി.

പിന്നാലെ നമ്പർ നൽകിയെന്ന് പറഞ്ഞ എം.പിയെ വിവരം അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്ന് വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ നമ്പറുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും എം.പി വ്യക്തമാക്കി. തുടർന്ന് എം.എൽ.എയും എം.പിയും ചേർന്ന് പാർട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസുമായും ബന്ധപ്പെട്ടു.

തങ്ങൾ അത്തരത്തിൽ ആരെയും വിളിച്ചിട്ടില്ലെന്ന് അവിടെ നിന്ന് സ്ഥിരീകരണം ലഭിച്ചു. ഇതോടെയാണ് ശനിയാഴ്ച എലത്തൂർ എം.എൽ.എ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകിയത്. ഡൽഹിയിൽ നിന്നാണ് കോൾ വന്നതെന്ന് സൈബർ സെല്ലിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് സൈബർ സെൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372439/kerala-mla-scam-call-3-crore-minister-priyanka-gandhi)