---
title: "5,000 രൂപയ്ക്ക് ഒരു ജീവനോ? കടം വീട്ടാൻ രണ്ടു ദിവസം കൂടി ചോദിച്ചു; പിന്നാലെ യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു, പ്രതിക്കും പൊള്ളലേറ്റു "
english_title: "Gujarat Woman Set On Fire Over Five Thousand Rupees Debt Patan District Crime"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372430/gujarat-woman-burnt-to-death-over-debt-dispute-patan"
published_at: "2026-07-15T07:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56e4c553267_fire.jpg"
keywords: ["gujarat crime news", "woman burnt alive", "ahmedabad civil hospital", "Crime News"]
---

# 5,000 രൂപയ്ക്ക് ഒരു ജീവനോ? കടം വീട്ടാൻ രണ്ടു ദിവസം കൂടി ചോദിച്ചു; പിന്നാലെ യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു, പ്രതിക്കും പൊള്ളലേറ്റു 

> **Lead Summary:** **അഹമ്മദാബാദ്: **ഗുജറാത്തിലെ പടാൻ ജില്ലയിൽ വെറും 5,000 രൂപയുടെ കടം തിരികെ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. 35 വയസുകാരിയായ പിങ്കി ബെൻ പട്ണിയാണ് അതിക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ ബാബുഭായ് റാവലിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

## Article Content

**അഹമ്മദാബാദ്: **ഗുജറാത്തിലെ പടാൻ ജില്ലയിൽ വെറും 5,000 രൂപയുടെ കടം തിരികെ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. 35 വയസുകാരിയായ പിങ്കി ബെൻ പട്ണിയാണ് അതിക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ ബാബുഭായ് റാവലിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഏഴുവർഷം മുൻപ് ഭർത്താവ് മരണപ്പെട്ട പിങ്കി ബെൻ രണ്ട് മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടുചെലവുകൾക്കായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെത്തുടർന്നാണ് ഒരു മാസം മുൻപ് ഇവർ അയൽവാസിയായ ബാബുഭായ് റാവലിന്റെ പക്കൽ നിന്നും അയ്യായിരം രൂപ കടം വാങ്ങിയത്. എന്നാൽ ഇതിന് പിന്നാലെ കനത്ത പലിശ ആവശ്യപ്പെട്ട് ബാബുഭായ് നിരന്തരം വീട്ടിലെത്തി പിങ്കിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പണത്തെച്ചൊല്ലിയുള്ള തർക്കം ഒത്തുതീർപ്പാക്കാനെന്ന് വ്യാജേന സമീപവാസിയായ ജിതുഭായ് പാഞ്ചലിന്റെ വീടിനടുത്തേക്ക് പിങ്കിയെ ബാബുഭായ് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് പണം തിരികെ നൽകാൻ രണ്ട് ദിവസത്തെ സാവകാശം കൂടി വേണമെന്ന് പിങ്കി അപേക്ഷിച്ചെങ്കിലും പ്രതി അത് നിരാകരിച്ചു.

തുടർന്ന് ചായ എടുക്കാൻ പോകുകയാണെന്നും നമുക്ക് ഒന്നിച്ച് ചായ കുടിക്കാമെന്നും പറഞ്ഞ് തന്ത്രപരമായി അവിടെനിന്ന് മാറിയ പ്രതി തിരികെയെത്തിയത് പെട്രോൾ അടങ്ങിയ കുപ്പിയുമായാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ പിങ്കിയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം പ്രതി തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പിങ്കിയെ ഉടൻ തന്നെ ധാർപൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ പൊള്ളലേറ്റ പ്രതി ബാബുഭായ് റാവലും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പടാൻ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന അയൽവാസി ജിതുഭായിക്കും കൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പിങ്കിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372430/gujarat-woman-burnt-to-death-over-debt-dispute-patan)