---
title: "ലോകപ്പ് ഫൈനൽ ഷോ: ഷക്കീറ മുതൽ കോൾഡ്‌പ്ലേ വരെ ന്യൂയോർക്കിൽ സംഗീതപ്പൂരം"
english_title: "FIFA World Cup 2026 Final Halftime Show: Shakira, Coldplay, BTS to Perform in New York"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372425/fifa-world-cup-2026-final-halftime-show-shakira-coldplay-bts"
published_at: "2026-07-15T05:54:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56d3df2cd83_fifa-world-cup-2026-final-halftime-show-shakira-coldplay-bts.jpg"
keywords: ["Halftime Show", "Shakira", "Coldplay", "New York", "FIFA World Cup2026"]
---

# ലോകപ്പ് ഫൈനൽ ഷോ: ഷക്കീറ മുതൽ കോൾഡ്‌പ്ലേ വരെ ന്യൂയോർക്കിൽ സംഗീതപ്പൂരം

> **Lead Summary:** **ന്യൂയോർക്ക്:** ഫുട്ബോളിന്റെ ആവേശത്തിന് പുറമെ സംഗീതത്തിന്റെ വസന്തം കൂടി ഒരുക്കാനൊരുങ്ങുകയാണ് ഫിഫ. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകപ്പിന്റെ ഫൈനൽ വേദിയായ ന്യൂയോർക്ക് ന്യൂജഴ്‌സി സ്‌റ്റേഡിയം ലോകസംഗീതത്തിലെ സൂപ്പർതാരങ്ങളുടെ അപൂർവ സംഗമത്തിന് സാക്ഷ്യം വഹിക്കും.

## Article Content

**ന്യൂയോർക്ക്:** ഫുട്ബോളിന്റെ ആവേശത്തിന് പുറമെ സംഗീതത്തിന്റെ വസന്തം കൂടി ഒരുക്കാനൊരുങ്ങുകയാണ് ഫിഫ. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകപ്പിന്റെ ഫൈനൽ വേദിയായ ന്യൂയോർക്ക് ന്യൂജഴ്‌സി സ്‌റ്റേഡിയം ലോകസംഗീതത്തിലെ സൂപ്പർതാരങ്ങളുടെ അപൂർവ സംഗമത്തിന് സാക്ഷ്യം വഹിക്കും.

ഫൈനൽ മത്സരത്തിന്റെ ഹാഫ് ടൈമിൽ അവിസ്മരണീയമായ ഷോ ഒരുക്കാനാണ് ഫിഫയുടെ തീരുമാനം. പോപ്പ് രാജ്ഞി ഷക്കീറ, മഡോണ, കനേഡിയൻ താരം ജസ്റ്റിൻ ബീബർ, കൊറിയൻ സൂപ്പർ ബാൻഡ് ബി.ടി.എസ്, ആഫ്രോ ഫ്യൂഷൻ ഗായകൻ ബർണ ബോയ്, വെനസ്വേലൻ സംഗീത സംവിധായകൻ ഗുസ്താവോ ഡുഡമെൽ, പ്രശസ്ത ബാൻഡ് ഡി.എസ്. 22, ബ്രിട്ടീഷ് മ്യൂസിക് ബാൻഡ് കോൾഡ്‌പ്ലേ തുടങ്ങിയവർ ഒരേ വേദിയിൽ അണിനിരക്കും.

ഷക്കീറയും ബർണാ ബോയും നേരത്തെ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലും പാടിയിരുന്നു. ഇത്തവണ ഫൈനലിന്റെ ഹാഫ് ടൈം ഷോയുടെ മുഴുവൻ ചുമതലയും കോൾഡ്‌പ്ലേയുടെ മുൻനിര ഗായകൻ ക്രിസ് മാർട്ടിനാണ് ഏറ്റെടുത്തിരിക്കുന്നത്.

11 മിനിറ്റ് ദൈർഘ്യമുള്ള ഷോയിലൂടെ ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിലേക്ക് 10 കോടി ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.എന്നാൽ ഹാഫ് ടൈം ഇടവേളയുടെ കാര്യത്തിൽ ആശങ്കയുണ്ട്. സാധാരണ 15 മിനിറ്റാണ് ഇടവേള. എന്നാൽ വൻ താരനിരയുള്ള ഷോ കാരണം ഇത്തവണ 25 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നീണ്ടേക്കുമെന്നാണ് സൂചന.

ഇത് ഫിഫയുടെ ചട്ടങ്ങളുടെ ലംഘനമാണെങ്കിലും കഴിഞ്ഞ ക്ലബ്ബ് ലോകകപ്പ് ഫൈനലിലും 25 മിനിറ്റ് ഇടവേള നൽകിയിരുന്നു.എത്ര മിനിറ്റ് ഇടവേള നൽകുമെന്ന കാര്യത്തിൽ ഫിഫ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ലോകകപ്പ് ഫൈനലിന്റെ ആവേശത്തിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ സംഗീതപ്പെരുമഴയും കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372425/fifa-world-cup-2026-final-halftime-show-shakira-coldplay-bts)