---
title: " 2-0ന്റെ ആധികാരിക ജയത്തോടെ സ്പാനിഷ് പട ഫൈനലിൽ ;ഇംഗ്ലണ്ട് അല്ലെങ്കിൽ അർജന്റീന ആരാണ്  എതിരാളികൾ "
english_title: "Spain Defeat France 2-0 to Reach World Cup Final2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372424/spain-defeat-france-2-0-to-reach-world-cup-final"
published_at: "2026-07-15T05:34:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56d0c331fab_spain-defeat-france-2-0-to-reach-world-cup-final.jpg"
keywords: ["Spain", "France", "Football", "World Cup Final2026"]
---

#  2-0ന്റെ ആധികാരിക ജയത്തോടെ സ്പാനിഷ് പട ഫൈനലിൽ ;ഇംഗ്ലണ്ട് അല്ലെങ്കിൽ അർജന്റീന ആരാണ്  എതിരാളികൾ 

> **Lead Summary:** കളിക്ക് മുൻപ് ഏത് പ്രതിരോധവും വിറപ്പിക്കാൻ കെൽപ്പുള്ള ടീമാണ് ഫ്രാൻസ് എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലീസെ എന്നിവരടങ്ങിയ ട്രിപ്പിൾ എഞ്ചിന്റെ കരുത്തിൽ സ്പെയിനിന്റെ പ്രതിരോധം തകർക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഫ്രഞ്ച് ആരാധകർ.

## Article Content

കളിക്ക് മുൻപ് ഏത് പ്രതിരോധവും വിറപ്പിക്കാൻ കെൽപ്പുള്ള ടീമാണ് ഫ്രാൻസ് എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലീസെ എന്നിവരടങ്ങിയ ട്രിപ്പിൾ എഞ്ചിന്റെ കരുത്തിൽ സ്പെയിനിന്റെ പ്രതിരോധം തകർക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഫ്രഞ്ച് ആരാധകർ.

എന്നാൽ ലൂയിസ് ഡി ലാ ഫുയെന്റെയുടെ സ്പെയിൻ ആ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു.തുടക്കം മുതൽ തന്നെ മധ്യനിരയിൽ കളി നിയന്ത്രിക്കുക എന്ന തന്ത്രമാണ് സ്പെയിൻ പുറത്തെടുത്തത്. പെഡ്രിയെ ആദ്യ ഇലവനിൽ നിന്ന് മാറ്റി ഡാനി ഒൽമോ, റോഡ്രി, ഫാബിയാൻ റൂയിസ് എന്നിവരെ ഇറക്കിയ നീക്കം ഫലം കണ്ടു.

ഫ്രാൻസിന്റെ ഓരോ മുന്നേറ്റവും മധ്യനിരയിൽ വെച്ച് തന്നെ വെട്ടി. ആറാം മിനിറ്റിൽ റാബിയോയും 11-ാം മിനിറ്റിൽ അലക്സ് ബയേനയും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ വന്നത് 22-ാം മിനിറ്റിലാണ്. ബോക്സിനുള്ളിൽ ലാമിൻ യമാലിനെ ലൂക്കാസ് ഡിഗ്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഒയർസബാൽ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ആദ്യപകുതിയിൽ കണക്കുകൾ പോലും സ്പെയിനൊപ്പമായിരുന്നു. അഞ്ച് ഷോട്ടുകൾ സ്പെയിൻ ഉതിർക്കുമ്പോൾ ഫ്രാൻസിന് രണ്ട് ഷോട്ടുകൾ മാത്രം. അതും ലക്ഷ്യത്തിലേക്ക് ഒന്നുപോലുമില്ല. 30-ാം മിനിറ്റിൽ പരിക്കേറ്റ വില്ല്യം സാലിബയ്ക്ക് പകരം മാക്സെൻസ് ലാക്രോയിക്സ് ഇറങ്ങിയതും ഫ്രാൻസിന് തിരിച്ചടിയായി.രണ്ടാം പകുതിയിൽ ബാർക്കോളയെ പിൻവലിച്ച് ദുവെയെ ഇറക്കി ആക്രമണം ശക്തമാക്കാൻ ദെഷാംസ് ശ്രമിച്ചു.

പക്ഷേ എംബാപ്പെയും ഡെംബെലെയും അടങ്ങുന്ന മുന്നേറ്റനിര സ്പാനിഷ് പ്രതിരോധക്കോട്ടയ്ക്ക് മുന്നിൽ നിറം മങ്ങി. 58-ാം മിനിറ്റിൽ കിട്ടിയ തിരിച്ചടിയാണ് ഫ്രാൻസിന്റെ പ്രതീക്ഷകൾക്ക് അവസാന ആണിയടിച്ചത്.

പെഡ്രോ പോറോയുടെ മികച്ച നീക്കം ഡാനി ഒൽമോയ്ക്ക്. ഒൽമോ തിരികെ നൽകിയ പാസ് പോറോ അനായാസം വലയിലെത്തിച്ചു. 2-0.അവസാന നിമിഷങ്ങൾ വരെ തിരിച്ചുവരാൻ ഫ്രാൻസ് പരിശ്രമിച്ചെങ്കിലും പന്ത് കൈവശം വെച്ചുള്ള സ്പെയിനിന്റെ കളി അവരെ പ്രതിരോധത്തിലാക്കി.

യൂറോ കപ്പിനും നേഷൻസ് ലീഗിനും ശേഷം വീണ്ടും ഒരു സെമിയിൽ ഫ്രാൻസിനെ തോൽപ്പിക്കുകയാണ് സ്പെയിൻ. ടിക്കി ടാക്ക ശൈലി പൂർണമായും ഉപേക്ഷിക്കാതെ, എതിരാളിയുടെ ബലഹീനത മനസ്സിലാക്കി കളിച്ചതാണ് ഈ ജയത്തിന്റെ താക്കോൽ. ഇനി ഫൈനലിൽ കാത്തിരിക്കുന്നത് ഇംഗ്ലണ്ട് അല്ലെങ്കിൽ അർജന്റീന. ആരാണ് എതിരാളിയെന്ന് അറിയാൻ ലോകം കാത്തിരിക്കുകയാണ്. സ്പെയിനാകട്ടെ കലാശപ്പോരിന് പൂർണ സജ്ജരാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372424/spain-defeat-france-2-0-to-reach-world-cup-final)