---
title: "സ്കൈ ഡൈവിങ്ങിനിടെ കാറ്റ്, താഴ്ചയിലേക്ക് വീണ് 28-കാരനായ യുവാവിന് ദാരുണാന്ത്യം"
english_title: "Indian Man Dies In Skydiving Accident At Massachusetts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372419/indian-man-dies-skydiving-accident-massachusetts"
published_at: "2026-07-14T22:20:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56691e962b9_indian-man-dies-skydiving-accident-massachusetts.jpg"
keywords: ["USA", "Death", "Skydiving"]
---

# സ്കൈ ഡൈവിങ്ങിനിടെ കാറ്റ്, താഴ്ചയിലേക്ക് വീണ് 28-കാരനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മസാച്യുസെറ്റ്സ്: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. 28 കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.ഈ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഓറഞ്ച് ടൗണിലെ പ്രമുഖ സ്കൈ ഡൈവിങ് കേന്ദ്രമായ ജംപ്ടൗൺ സ്കൈ ഡൈവിങ്ങിലാണ് സംഭവം.

## Article Content

മസാച്യുസെറ്റ്സ്: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. 28 കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.ഈ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഓറഞ്ച് ടൗണിലെ പ്രമുഖ സ്കൈ ഡൈവിങ് കേന്ദ്രമായ ജംപ്ടൗൺ സ്കൈ ഡൈവിങ്ങിലാണ് സംഭവം.

സ്കൈ ഡൈവിങ് നടത്തി തിരികെ നിലത്തേക്ക് ഇറങ്ങുന്നതിനിടെ 30 അടി ഉയരത്തിൽ നിന്ന് മണി താഴേക്ക് വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അതോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പൊലീസിന്റെ ഡിറ്റക്ടീവ് വിഭാഗവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്കൈ ഡൈവിങ് ഉപകരണങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.യുവാവിന്റെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ജംപ്ടൗൺ സ്കൈ ഡൈവിങ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിതമായ കാലാവസ്ഥാ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

തെലങ്കാന സ്വദേശിയായ മണി ചന്ദ്ര തേജ ഗദ്ദാം അമേരിക്കയിൽ ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം സ്കൈ ഡൈവിങ്ങിനെത്തിയത്. മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372419/indian-man-dies-skydiving-accident-massachusetts)