---
title: "വാനോളം മലയാളി! ചരിത്രത്തിലേക്ക് കുതിച്ച് അനിൽ മേനോൻ; ‘സോയൂസ് എംഎസ്-29’ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു"
english_title: "Dr Anil Menon First Malayali In Space As Soyuz MS-29 Launches Successfully"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372413/dr-anil-menon-first-malayali-space-soyuz-ms29-launch"
published_at: "2026-07-14T21:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a565b59e2d3c_dr-anil-menon-first-malayali-space-soyuz-ms29-launch.jpg"
keywords: ["Anil Menon", "Space", "NASA", "Soyuz MS-29"]
---

# വാനോളം മലയാളി! ചരിത്രത്തിലേക്ക് കുതിച്ച് അനിൽ മേനോൻ; ‘സോയൂസ് എംഎസ്-29’ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു

> **Lead Summary:** ബൈക്കനൂർ: മലയാളത്തിന്റെ അഭിമാനം ബഹിരാകാശത്തേക്ക്. ഒറ്റപ്പാലം സ്വദേശി ഡോ. അനിൽ മേനോൻ ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാനുള്ള കുതിപ്പ് തുടങ്ങി. റഷ്യൻ നിർമിത സോയൂസ് MS-29 പേടകത്തിന്റെ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി.

## Article Content

ബൈക്കനൂർ: മലയാളത്തിന്റെ അഭിമാനം ബഹിരാകാശത്തേക്ക്. ഒറ്റപ്പാലം സ്വദേശി ഡോ. അനിൽ മേനോൻ ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാനുള്ള കുതിപ്പ് തുടങ്ങി. റഷ്യൻ നിർമിത സോയൂസ് MS-29 പേടകത്തിന്റെ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി.

കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് സോയൂസ് 2.1A റോക്കറ്റിൽ പേടകം കുതിച്ചുയർന്നത്. ഡോ. അനിൽ മേനോനെ കൂടാതെ റഷ്യൻ കോസ്മോനോട്ട്സായ പ്യൂറോ ദുബ്രോവ്, അന്ന കികിന എന്നിവരും സംഘത്തിലുണ്ട്.

മൂന്ന് മണിക്കൂർ ഒൻപത് മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം രാത്രി 11.26ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. രണ്ട് മണിക്കൂറിന് ശേഷം പുലർച്ചെ 1.26ഓടെ അനിലും സംഘവും സോയൂസിൽ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും.

എട്ട് മാസം നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യത്തിൽ നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂർത്തീകരിക്കും. മനുഷ്യശരീരത്തിൽ ബഹിരാകാശത്തിന്റെ സ്വാധീനം, ദീർഘകാല ബഹിരാകാശ യാത്രകൾക്കുള്ള സാങ്കേതികതകൾ തുടങ്ങിയവയാണ് പ്രധാന ഗവേഷണ വിഷയങ്ങൾ.മെഡിസിനിലും എൻജിനീയറിങ്ങിലും ബിരുദമുള്ള ഡോ. അനിൽ മേനോൻ 2014ലാണ് ഫ്ലൈറ്റ് സർജനായി നാസയുടെ ഭാഗമാകുന്നത്.

പിന്നീട് സ്പേസ് എക്സുമായും സഹകരിച്ച് പ്രവർത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പ്രധാന പട്ടികയിലേക്ക് അനിൽ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്പേസ് ഫോഴ്സിലെ ലെഫ്റ്റനന്റ് കേണൽ കൂടിയാണ് അദ്ദേഹം.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോനാണ് അനിലിന്റെ പിതാവ്. മാതാവ് എലിസബത്ത് യുക്രൈൻ സ്വദേശിനിയാണ്. അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലെ മിനിയാപൊളിസിലാണ്. മലയാളിക്ക് ബഹിരാകാശത്ത് ചരിത്രം കുറിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372413/dr-anil-menon-first-malayali-space-soyuz-ms29-launch)