---
title: "ശരീരത്തിൽ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ; അടൂരിൽ മരിച്ച ഷെഹാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്ന് പൊലീസ്"
english_title: "Adoor Woman Found Dead: Police Suspect Suicide,  Boyfriend in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372406/adoor-woman-found-dead-boyfriend-custody-police-probe"
published_at: "2026-07-14T20:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5512a42284b_adoor-woman-found-hanging-house-friend-custody.jpg"
keywords: ["Adoor", "Suicide", "Shehana Death", "Crime", "Kerala"]
---

# ശരീരത്തിൽ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ; അടൂരിൽ മരിച്ച ഷെഹാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്ന് പൊലീസ്

> **Lead Summary:** അടൂർ: അടൂർ കോട്ടമുകളിലെ വീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. അടൂർ കണ്ണങ്കോട് കോട്ടമുകൾ ഷിനാസ് മൻസിലിൽ 31കാരിയായ ഷെഹാനയെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെ സ്റ്റെയർകെയ്സിന്റെ കൈവരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

അടൂർ: അടൂർ കോട്ടമുകളിലെ വീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. അടൂർ കണ്ണങ്കോട് കോട്ടമുകൾ ഷിനാസ് മൻസിലിൽ 31കാരിയായ ഷെഹാനയെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെ സ്റ്റെയർകെയ്സിന്റെ കൈവരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെഹാനയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ ശക്തമായ ആരോപണമാണ് കുടുംബവും നാട്ടുകാരും ഉന്നയിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ നിന്ന് വലിയ രീതിയിലുള്ള ബഹളവും തർക്കവും കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ബഹളം കേട്ട് സംശയം തോന്നിയ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു.

കൗൺസിലറെത്തി കതക് തുറക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് വാതിൽ തുറന്നത്. തുടർന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഷെഹാനയെ സ്റ്റെയർകെയ്സിൽ മരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് സുഹൃത്തിന്റെ മുഖത്തും ശരീരത്തിലും മാന്തിപ്പറിച്ചതിന്റെ മുറിവുകളും രക്തക്കറയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ വീട്ടിലെ നിലത്തും കോണിപ്പടികളിലും രക്തപ്പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർധിപ്പിച്ചു. ഇതോടെയാണ് ഷെഹാനയുടെ മരണം കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചത്.

സംഭവസ്ഥലത്തു നിന്നു തന്നെ കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മരണത്തിന് മുൻപ് ഷെഹാനയുമായി കടുത്ത വാക്കുതർക്കവും കയ്യാങ്കളിയും നടന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പരസ്പരം ആക്രമിച്ചതിലൂടെയാണ് അരുണിന്റെ ശരീരത്തിൽ മുറിവുകളേറ്റത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

ഫോറൻസിക് വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റുമാരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് അടൂർ പൊലീസ് അറിയിച്ചു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് മരിച്ച ഷെഹാന. കുറച്ചുകാലമായി ഇവർ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ പശ്ചാത്തലവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372406/adoor-woman-found-dead-boyfriend-custody-police-probe)