---
title: "ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്"
english_title: "Kerala Govt Allocates 253 Crore to Supplyco for Onam Market Intervention"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372399/kerala-govt-253-crore-supplyco-onam-market-intervention"
published_at: "2026-07-14T18:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56373fc5e9f_kerala-govt-253-crore-supplyco-onam-market-intervention.jpg"
keywords: ["Supplyco", "Onam 2026", "Kerala Government", "Price Rise"]
---

# ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്

> **Lead Summary:** തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് ആശ്വാസം നൽകാനും സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതിൽ ഓണവിപണി നടത്തിപ്പിനായി 200 കോടി രൂപയും, എ.എ.വൈ മഞ്ഞ കാർഡ് വിഭാഗത്തിനുള്ള സൗജന്യ ഓണക്കിറ്റിനായി 53 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് ആശ്വാസം നൽകാനും സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതിൽ ഓണവിപണി നടത്തിപ്പിനായി 200 കോടി രൂപയും, എ.എ.വൈ മഞ്ഞ കാർഡ് വിഭാഗത്തിനുള്ള സൗജന്യ ഓണക്കിറ്റിനായി 53 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥന പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പ് തുക അനുവദിച്ചത്. ഓണക്കാലത്ത് സപ്ലൈകോ വഴി അവശ്യസാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കാനും സ്വകാര്യ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ഈ തുക ഉപയോഗിക്കുക.

ആവശ്യമെങ്കിൽ പിന്നീട് കൂടുതൽ തുക അനുവദിക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു.ഇത്രയും വലിയ തുക ഒരുമിച്ച് ഓണവിപണിക്കായി മുമ്പ് അനുവദിച്ചിട്ടില്ലെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. സർക്കാരിന്റെ വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമാക്കാനും വിലക്കയറ്റം തടയാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്നാണ് തുക അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാനത്ത് നേരത്തെ പരിമിതമായ വിഭാഗങ്ങൾക്കാണ് ഓണസഹായം നൽകിയിരുന്നത്. സംസ്ഥാന വ്യാപകമായ സൗജന്യ ഓണക്കിറ്റ് പദ്ധതി ഉണ്ടായിരുന്നില്ല. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം കോവിഡ് കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു.

ഏതാനും വർഷം ഈ രീതി തുടർന്നു.എന്നാൽ 2022 മുതൽ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഓണക്കിറ്റ് വിതരണം അന്ത്യോദയ അന്നയോജന മഞ്ഞ കാർഡ് ഉൾപ്പെടെയുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. മറ്റ് റേഷൻ കാർഡ് ഉടമകൾക്ക് സപ്ലൈകോയുടെ ഓണച്ചന്തകളിലൂടെ സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഇപ്പോൾ നിലവിലുള്ളത്.

അതേസമയം വിപണി ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ അടുത്തിടെ സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ലാദ് ജോഷിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തുക ലഭിച്ചത്. കേന്ദ്രസർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശികയാണിത്. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372399/kerala-govt-253-crore-supplyco-onam-market-intervention)