---
title: "പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത്  ബാലാവകാശ കമ്മീഷൻ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി"
english_title: "Payyannur Toddler Death: Child Rights Commission Seeks Report, Doctors Questioned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372396/payyannur-toddler-death-child-rights-commission-probe"
published_at: "2026-07-14T18:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5634079cdba_payyannur-toddler-death-child-rights-commission-probe.jpg"
keywords: ["Payyannur", "Child Death", "Medical Negligence", "Child Rights Commission"]
---

# പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത്  ബാലാവകാശ കമ്മീഷൻ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തിയ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും വിശദമായ റിപ്പോർട്ട് തേടി.

## Article Content

പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തിയ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും വിശദമായ റിപ്പോർട്ട് തേടി.

രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.ദേവാൻഷ് ശൗര്യ എന്ന കുഞ്ഞാണ് ചികിത്സയ്ക്കിടെ മരിച്ചത്. കുഞ്ഞിന്റെ പരിക്കിന് സ്റ്റിച്ച് ഇടുന്നതിനിടെ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.കേസിൽ ആരോപണവിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി.

പയ്യന്നൂർ ബേബി മെമോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരാണ് മൊഴി നൽകിയത്. ചികിത്സയിൽ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകിയത്. കുഞ്ഞിന്റെ പരിക്കിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അനസ്തീഷ്യ നൽകാതെ സ്റ്റിച്ച് ഇടാൻ സാധിക്കില്ലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

എന്നാൽ കുഞ്ഞിന് നേരിട്ട് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാൾ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കുഞ്ഞിന്റെ ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വെള്ളിയാഴ്ച ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

അതേസമയം കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്. ചികിത്സാ പ്രോട്ടോക്കോൾ പാലിച്ചോ, അനസ്തീഷ്യ നൽകുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തിയോ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372396/payyannur-toddler-death-child-rights-commission-probe)