---
title: "ബസ് നിര്‍ത്തുന്നതിനു മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്"
english_title: "School Student Falls From Private Bus in Cherai, Police Case Against Driver and Conductor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372386/cherai-school-student-falls-bus-police-case-driver-conductor-new"
published_at: "2026-07-14T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a561edcb74eb_cherai-school-student-falls-bus-police-case-driver-conductor.jpg"
keywords: ["Latest news", "Kochi", "BusAccident", "Student", "Police"]
---

# ബസ് നിര്‍ത്തുന്നതിനു മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

> **Lead Summary:** കൊച്ചി: **[**ചെറായി സ്വകാര്യ ബസിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. പറവൂർ ബോയ്സ് സ്കൂളിലെ വിദ്യാർഥിക്കാണ് ഇന്നലെ അപകടം ഉണ്ടായത്.

## Article Content

കൊച്ചി: **[**ചെറായി സ്വകാര്യ ബസിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. പറവൂർ ബോയ്സ് സ്കൂളിലെ വിദ്യാർഥിക്കാണ് ഇന്നലെ അപകടം ഉണ്ടായത്.

പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കൊച്ചിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് കേസ്.

അപകടത്തെക്കുറിച്ച് വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ബസ് പൂർണമായി നിർത്തുന്നതിന് മുൻപേ ജീവനക്കാർ പിൻവാതിൽ തുറന്നു നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. വാതിൽ തുറന്നതോടെ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടം നടന്നിട്ടും ബസ് ജീവനക്കാർ കുട്ടിയെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. നാട്ടുകാരാണ് പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും താടിക്കും പരിക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്.

ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ബസ് ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസൻസും കണ്ടക്ടർ ലൈസൻസും സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. സ്കൂൾ സമയത്ത് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാത്ത ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372386/cherai-school-student-falls-bus-police-case-driver-conductor-new)