---
title: "യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി; ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി"
english_title: "Udma Grama Panchayat No-Confidence Motion Passed, LDF Loses Power"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372384/kasaragod-udma-panchayat-ldf-loses-power-no-confidence"
published_at: "2026-07-14T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a561ccb35b6c_kasaragod-udma-panchayat-ldf-loses-power-no-confidence.jpg"
keywords: ["Udma Panchayat", "Kasaragod", "LDF", "Motion Passed", "UDF"]
---

# യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി; ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

> **Lead Summary:** കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണനഷ്ടം സംഭവിച്ചത്. നിലവിലുള്ള കക്ഷിനില അനുസരിച്ച് 11നെതിരെ 12 വോട്ടുകൾക്കാണ് പ്രമേയം പാസായത്.

## Article Content

കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണനഷ്ടം സംഭവിച്ചത്. നിലവിലുള്ള കക്ഷിനില അനുസരിച്ച് 11നെതിരെ 12 വോട്ടുകൾക്കാണ് പ്രമേയം പാസായത്.

പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രനെതിരെ യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയാണ് എൽഡിഎഫ് ഭരണം താഴെ വീണത്. ഉദുമ പഞ്ചായത്തിൽ നിലവിൽ യുഡിഎഫിന് 12ഉം എൽഡിഎഫിന് 1-ഉം അംഗങ്ങളാണുള്ളത്. ഇന്ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ യുഡിഎഫിന്റെ 12 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, എൽഡിഎഫിന്റെ 11 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. കൃത്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചതോടെ യുഡിഎഫ് പ്രമേയം വിജയിക്കുകയായിരുന്നു.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നടന്ന നാടകീയമായ സംഭവങ്ങൾക്കൊടുവിലായിരുന്നു എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. അന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്. സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതുക്കലിന്റെ വോട്ട് അസാധുവായി മാറിയിരുന്നു.

ഇതോടെ ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിക്കുന്ന തുല്യനിലയിലേക്ക് കാര്യങ്ങൾ എത്തി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് എൽഡിഎഫിനെയായിരുന്നു. അങ്ങനെയാണ് നറുക്കെടുപ്പിലൂടെ വിജയിച്ച് പി.വി രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്.

വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ തവണ കൈപ്പിഴ കൊണ്ട് നഷ്ടപ്പെട്ട ഭരണം അവിശ്വാസ പ്രമേയത്തിലൂടെ തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. അവിശ്വാസ പ്രമേയം പാസായ സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ഉടൻ തന്നെ നടക്കും. നിലവിലെ കക്ഷിനില അനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് പഞ്ചായത്ത് ഭരണത്തിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372384/kasaragod-udma-panchayat-ldf-loses-power-no-confidence)