---
title: "നിയമസഭാ തെരഞ്ഞെടുപ്പ്: 'സഖാക്കളുടെ ചെറിയ വീഴ്ചകൾ പോലും പാർട്ടിക്ക് തിരിച്ചടിയാകും'; സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും പിഴവ് സംഭവിച്ചതായി എം.എ ബേബി"
english_title: "MA Baby Admits CPM Mistakes in Candidate Selection, Slams Govt on Vizhinjam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372382/ma-baby-cpm-candidate-selection-mistake-vizhinjam-criticism"
published_at: "2026-07-14T16:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b511965a903_ma_baby.jpg"
keywords: ["MA Baby", "CPM Kerala", "Vizhinjam Port", "Kerala Politics"]
---

# നിയമസഭാ തെരഞ്ഞെടുപ്പ്: 'സഖാക്കളുടെ ചെറിയ വീഴ്ചകൾ പോലും പാർട്ടിക്ക് തിരിച്ചടിയാകും'; സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും പിഴവ് സംഭവിച്ചതായി എം.എ ബേബി

> **Lead Summary:** ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചതായി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി സമ്മതിച്ചു. പാർട്ടിക്ക് വിവിധ തലങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്നും പ്രചാരണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചതായി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി സമ്മതിച്ചു. പാർട്ടിക്ക് വിവിധ തലങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്നും പ്രചാരണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സഖാക്കളുടെ ചെറിയ വീഴ്ചകൾ പോലും പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് എം.എ ബേബി വ്യക്തമാക്കി. പാർട്ടിയിലെ എല്ലാ അണികളും സ്വയം വിമർശനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിൽ 'നേതാവ്' എന്നൊരു വാക്കില്ല. എല്ലാവരും സഖാക്കളാണ്. പാർട്ടിയിൽ 'ഹൈക്കമാൻഡ്' മാത്രമല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

കേരളത്തിലെ ബലഹീനതകൾ വിലയിരുത്തുന്നതിനായി വിശാല സംസ്ഥാന സമിതി ഉടൻ ചേരുമെന്നും കണ്ടെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി സിപിഐഎമ്മിൽ നിന്ന് ജനം കൂടുതൽ ധാർമ്മികത പ്രതീക്ഷിക്കുന്നുണ്ടെന്ന് എം.എ ബേബി പറഞ്ഞു. ആ ഘട്ടത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചു.

തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും എം.എ ബേബി പ്രതികരിച്ചു. വിവാഹം കഴിഞ്ഞാൽ എല്ലാവർക്കും പങ്കാളികളുണ്ടാകും. അവർ ആ ബന്ധത്തിന്റെ പേരിലും അറിയപ്പെടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണം നയിച്ചവർക്ക് തെറ്റുപറ്റിയെന്ന് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമില്ല.

മറ്റ് ആരോപണങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം വിഴിഞ്ഞം തുറമുഖത്തെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറാനുള്ള തീരുമാനത്തെ സിപിഎം ജനറൽ സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ അറിയിക്കാതെയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഇടപെടൽ ദുർബലമാണെന്നും മംഗലാപുരത്തേക്ക് എന്തിനാണ് അദ്ദേഹം യാത്ര നടത്തിയതെന്നും എം.എ ബേബി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372382/ma-baby-cpm-candidate-selection-mistake-vizhinjam-criticism)