---
title: "ഇത് ഒരുപാട് ഉണ്ടല്ലോ...! ഹൈന്ദവ ശ്മശാനങ്ങളുടെ വികസന ബിൽ പാസാക്കാൻ കൈക്കൂലി,  മുനിസിപ്പൽ ഉദ്യോഗസ്ഥൻ പിടിയിൽ; പിടിച്ചെടുത്തത് 32 ലക്ഷം രൂപ"
english_title: "Telangana Municipal Engineer Arrested for Bribery, 32 Lakh Seized in ACB Raid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372370/telangana-municipal-engineer-arrested-bribery-acb-raid"
published_at: "2026-07-14T16:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5611f11a925_telangana-municipal-engineer-arrested-bribery-acb-raid.jpg"
keywords: ["Bribery Case", "Telangana Municipal Engineer Arrested", "ACB Raid", "32 Lakh Seized"]
---

# ഇത് ഒരുപാട് ഉണ്ടല്ലോ...! ഹൈന്ദവ ശ്മശാനങ്ങളുടെ വികസന ബിൽ പാസാക്കാൻ കൈക്കൂലി,  മുനിസിപ്പൽ ഉദ്യോഗസ്ഥൻ പിടിയിൽ; പിടിച്ചെടുത്തത് 32 ലക്ഷം രൂപ

> **Lead Summary:** ഹൈദരാബാദ്: തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മുനിസിപ്പൽ ഉദ്യോഗസ്ഥൻ അഴിമതി വിരുദ്ധ ബ്യൂറോയുടെ വലയിൽ. പെദ്ദാപ്പള്ളി മുനിസിപ്പൽ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ കല്ലേപ്പള്ളി സതീഷ് കുമാറിനെയാണ് എസിബി സംഘം അറസ്റ്റ് ചെയ്തത്.

## Article Content

ഹൈദരാബാദ്: തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മുനിസിപ്പൽ ഉദ്യോഗസ്ഥൻ അഴിമതി വിരുദ്ധ ബ്യൂറോയുടെ വലയിൽ. പെദ്ദാപ്പള്ളി മുനിസിപ്പൽ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ കല്ലേപ്പള്ളി സതീഷ് കുമാറിനെയാണ് എസിബി സംഘം അറസ്റ്റ് ചെയ്തത്.

രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പെദ്ദാപ്പള്ളിയിലെ സ്വന്തം വസതിയിൽ വെച്ചാണ് സതീഷ് കുമാർ പിടിയിലായത്. കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിംനഗർ എസിബി യൂണിറ്റ് കെണിയൊരുക്കിയായിരുന്നു അറസ്റ്റ്. പെദ്ദാപ്പള്ളി ടൗണിലെയും തെനുഗുവാഡയിലെയും ഹൈന്ദവ ശ്മശാനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ അന്തിമ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

12,28,748 രൂപയുടെ ബിൽ തുടർനടപടികൾക്കായി ഹൈദരാബാദിലെ തെലങ്കാന അർബൻ ഫിനാൻസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിലേക്ക് അയക്കേണ്ട ചുമതല സതീഷ് കുമാറിനായിരുന്നു. ഈ ബിൽ പാസാക്കി നൽകാൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

33 വയസുള്ള സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ എസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഈ പരിശോധനയിൽ കണക്കിൽപ്പെടാത്ത 32.31 ലക്ഷം രൂപയും കണ്ടെടുത്തു. കൃത്യമായ രേഖകളില്ലാതെയാണ് ഇത്രയും വലിയ തുക വീട്ടിൽ സൂക്ഷിച്ചിരുന്നത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കരിംനഗർ കോടതിയിൽ ഹാജരാക്കുമെന്നും എസിബി അറിയിച്ചു. തുടർ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372370/telangana-municipal-engineer-arrested-bribery-acb-raid)