---
title: "രോഗികൾ എത്തുന്നിടത്ത് ആയുധം... ! മഞ്ചേരി മെഡിക്കൽ കോളേജ് വാനിൽ വടിവാൾ കണ്ടെത്തി, പിന്നില്‍ ആരെന്നറിയാൻ അന്വേഷണം"
english_title: "Manchery Medical College Vadivaal Found Abandoned Van Health Department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372368/manjeri-medical-college-vadivaal-found-abandoned-van"
published_at: "2026-07-14T16:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5611123cd51_manjeri-medical-college-vadivaal-found-abandoned-van.jpg"
keywords: ["Malappuram News", "Manjeri Medical College", "Kerala Police"]
---

# രോഗികൾ എത്തുന്നിടത്ത് ആയുധം... ! മഞ്ചേരി മെഡിക്കൽ കോളേജ് വാനിൽ വടിവാൾ കണ്ടെത്തി, പിന്നില്‍ ആരെന്നറിയാൻ അന്വേഷണം

> **Lead Summary:** **മലപ്പുറം: **മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി നിർത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനിനുള്ളിൽ നിന്ന് വടിവാൾ കണ്ടെടുത്തു. ഒ.പി ബ്ലോക്കിന് മുൻപിൽ കട്ടപ്പുറത്തായ നിലയിൽ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിൽ നിന്നാണ് വാൾ കണ്ടെത്തിയത്.

## Article Content

**മലപ്പുറം: **മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി നിർത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനിനുള്ളിൽ നിന്ന് വടിവാൾ കണ്ടെടുത്തു. ഒ.പി ബ്ലോക്കിന് മുൻപിൽ കട്ടപ്പുറത്തായ നിലയിൽ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിൽ നിന്നാണ് വാൾ കണ്ടെത്തിയത്.

48 സെന്റീമീറ്റർ നീളവും മൂന്നര സെന്റീമീറ്റർ വീതിയുമുള്ള വാളിന്റെ മൂർച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലാണ്. ആശുപത്രിയിലെത്തിയ ഒരാൾ വാനിനകത്തേക്ക് നോക്കിയപ്പോഴാണ് സീറ്റിനടിയിൽ വടിവാൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇയാൾ വിവരം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ മഞ്ചേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ മഞ്ചേരി പോലീസ് സ്ഥലത്തെത്തി വടിവാൾ കസ്റ്റഡിയിലെടുത്തു. മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വാൾ. വർഷങ്ങളായി ആരും ഉപയോഗിക്കാതെ കിടക്കുന്ന വാനായതിനാൽ ഇത് എങ്ങനെ, എപ്പോൾ അവിടെ എത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 

ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഈ ആയുധം ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 106 പ്രകാരം പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. കണ്ടെടുത്ത വടിവാൾ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.

ആശുപത്രി വളപ്പിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വാള്‍ അവിടെ എത്തിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.ആശുപത്രി പോലെയുള്ള പൊതുസ്ഥലത്ത് ആയുധം കണ്ടെത്തിയത് രോഗികളിലും ജീവനക്കാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372368/manjeri-medical-college-vadivaal-found-abandoned-van)