---
title: "എവിടെയും പോയിട്ടില്ല തിരിച്ചുവരുന്നുണ്ട്! കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം"
english_title: "Cyclonic Circulation Kerala Weather Forecast Rain And Strong Winds Next 5 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372364/kerala-weather-forecast-rain-strong-winds-cyclonic-circulation"
published_at: "2026-07-14T15:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a472f1f23726_RAIN.jpg"
keywords: ["Latest News", "Kerala", "Weather", "Rain", "Alert"]
---

# എവിടെയും പോയിട്ടില്ല തിരിച്ചുവരുന്നുണ്ട്! കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: [ **ചക്രവാതച്ചുഴിയുടെയും പുതിയ ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: [ **ചക്രവാതച്ചുഴിയുടെയും പുതിയ ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

ഇതിന്റെ ഫലമായി ജൂലൈ 14 മുതൽ 18 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെങ്കിലും, ഇന്നും നാളെയും (ജൂലൈ 14, 15) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കാറ്റ് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീടുകളിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം. പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ ബലപ്പെടുത്തണം.

കാറ്റും മഴയും ശക്തമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക. വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ KSEB-യുടെ 1912 എന്ന നമ്പറിലോ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ അറിയിക്കണം.

അതിരാവിലെ ജോലിക്കിറങ്ങുന്നവരും കൃഷിയിടങ്ങളിലേക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പുലർത്തുക. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണം.

കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണി, വീട്ടുപകരണങ്ങൾ എന്നിവ കയറുപയോഗിച്ച് സുരക്ഷിതമായി കെട്ടിയിടുക.ശക്തമായ കാറ്റ് വീശുമ്പോൾ ടെറസിലും തുറസ്സായ സ്ഥലങ്ങളിലും നിൽക്കുന്നത് ഒഴിവാക്കുക. ജനലുകൾക്കും വാതിലുകൾക്കും അടുത്ത് നിൽക്കാതെ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയാൻ ശ്രദ്ധിക്കുക.കാറ്റും മഴയും ഉള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നത് ഉചിതമാണ്.

പത്രം-പാൽ വിതരണക്കാർ പോലുള്ള അതിരാവിലെ ജോലിക്കിറങ്ങുന്നവർ വഴിയിലെ വെള്ളക്കെട്ടുകളിൽ വൈദ്യുത ലൈനുകൾ വീണിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മുന്നോട്ട് പോകുക.കർഷകർ കൃഷിയിടങ്ങളിലെ വൈദ്യുത ലൈനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രം ജോലിയിൽ ഏർപ്പെടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372364/kerala-weather-forecast-rain-strong-winds-cyclonic-circulation)