---
title: "പാലോ അതോ വിഷമോ! മഹാരാഷ്ട്രയിൽ ഡിറ്റർജന്റും പാമോയിലും ചേർത്ത 2.3 കോടി ലിറ്റർ വ്യാജപാൽ പിടിച്ചെടുത്തു "
english_title: "2.3 Crore Litre Fake Milk Seized In Maharashtra With Detergent And Palm Oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372346/maharashtra-fake-milk-seized-detergent-palm-oil-2-3-crore-litre"
published_at: "2026-07-14T14:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5601a15df25_maharashtra-fake-milk-seized-detergent-palm-oil-2-3-crore-litre.jpg"
keywords: ["Latest News", "Fake", "Milk", "Health", "Fraud", "Maharashtra"]
---

# പാലോ അതോ വിഷമോ! മഹാരാഷ്ട്രയിൽ ഡിറ്റർജന്റും പാമോയിലും ചേർത്ത 2.3 കോടി ലിറ്റർ വ്യാജപാൽ പിടിച്ചെടുത്തു 

> **Lead Summary:** **മഹാരാഷ്ട്ര: [** ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ മാഫിയയെ പിടികൂടി. പോലീസും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ.) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

## Article Content

**മഹാരാഷ്ട്ര: [** ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ മാഫിയയെ പിടികൂടി. പോലീസും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ.) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 2.3 കോടി ലിറ്ററിലധികം മായംചേർത്ത പാൽ വിപണിയിലെത്തിയതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഏകദേശം 2.3 ലക്ഷം കിലോഗ്രാം ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടി ഉപയോഗിച്ചാണ് ഈ കൃത്രിമ പാൽ നിർമ്മിച്ചിരുന്നത്. ശുദ്ധമായ പാലിൽ 10 ശതമാനം എന്ന കണക്കിൽ വ്യാജപാൽ ചേർത്താണ് വിതരണം ചെയ്തിരുന്നത്.

പാലിന്റെ കൊഴുപ്പ് വർദ്ധിപ്പിക്കാനും യഥാർത്ഥമാണെന്ന് തോന്നിക്കാനും ഡിറ്റർജന്റ് പൗഡർ, പാം ഓയിൽ, നിലവാരം കുറഞ്ഞ രാസവസ്തുക്കൾ എന്നിവയാണ് സംഘം ഉപയോഗിച്ചിരുന്നത്. ഇതിനകം ഏഴുപേർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. എട്ടുദിവസമായിട്ടും പ്രതികൾ ഒളിവിലായതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഈ വ്യാജപ്പാൽ സ്ഥിരമായി ഉപയോഗിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഇത് അതീവ അപകടകരമാണ്.

മായം ചേർക്കുന്നവർക്കെതിരെ ജീവപര്യന്തം തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കർശന നിയമനടപടികളാണ് നിലവിലുള്ളത്. ഇത്തരം സംഘങ്ങളെ വേരോടെ പിഴുതെറിയാൻ അധികൃതർ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

വിപണിയിൽ എത്തുന്ന പാലുകളുടെ ഗുണനിലവാരത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ഡിറ്റർജന്റ് പൗഡറും പാം ഓയിലും ചേർത്ത പാൽ തുടർച്ചയായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.

ഡിറ്റർജന്റിലെ രാസഘടകങ്ങൾ വയറ്റിലെ ആവരണത്തെ നശിപ്പിക്കുകയും അൾസർ, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. പാം ഓയിൽ അമിതമായി ഉള്ളിലെത്തുന്നത് കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് വഴിയൊരുക്കാനും ഇടയുണ്ട്.

ധാരാശിവ് ജില്ലയിലെ സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഈ മാഫിയ, മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് വളരെ ആസൂത്രിതമായാണ് വ്യാജപാൽ എത്തിച്ചിരുന്നത്. ഒരു വലിയ ശൃംഖല തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം. വൻതോതിൽ പാൽ സംഭരിക്കുന്ന വലിയ ഡയറികളിലേക്ക് ഈ വ്യാജപാൽ കലർത്തുന്നുണ്ടോ എന്ന് ഇപ്പോൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372346/maharashtra-fake-milk-seized-detergent-palm-oil-2-3-crore-litre)