---
title: "അതിർത്തി കടന്നത് മൂന്നുപേർ, തിരിച്ചെത്തിയത് വിഷ്ണു മാത്രം...! പാലക്കാട് കാണാതായ കുടുംബത്തിനായി തിരച്ചിൽ ഊർജ്ജിതം, നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ"
english_title: "Palakkad Missing Family Case CCTV Footage Karnataka Border Son Returns Alone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372345/palakkad-vaniyamkulam-missing-family-cctv-karnataka-border"
published_at: "2026-07-14T14:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56076f21260_palakkad-vaniyamkulam-missing-family-cctv-karnataka-border.jpg"
keywords: ["Palakkad News", "Missing Family", "Kerala Crime"]
---

# അതിർത്തി കടന്നത് മൂന്നുപേർ, തിരിച്ചെത്തിയത് വിഷ്ണു മാത്രം...! പാലക്കാട് കാണാതായ കുടുംബത്തിനായി തിരച്ചിൽ ഊർജ്ജിതം, നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ

> **Lead Summary:** **പാലക്കാട്: (https://truevisionnews.com/**) പാലക്കാട് വാണിയംകുളത്ത് നിന്നും മൂന്നാംഗകുടുംബത്തെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാബു ഭാസ്‌കർ , ഭാര്യ രമാദേവി , മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത് . കർണാടക അതിർത്തിയിലേക്ക് കുടുംബം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

## Article Content

**പാലക്കാട്: (https://truevisionnews.com/**) പാലക്കാട് വാണിയംകുളത്ത് നിന്നും മൂന്നാംഗകുടുംബത്തെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാബു ഭാസ്‌കർ , ഭാര്യ രമാദേവി , മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത് . കർണാടക അതിർത്തിയിലേക്ക് കുടുംബം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

മൂന്നുപേരെയും കാണാതായിട്ട് ആറുദിവസം പിന്നിടുമ്പോഴും കേസിൽ ദുരൂഹത തുടരുകയാണ്. കുടുംബം കർണാടകയിലേക്ക് പ്രവേശിക്കുമ്പോൾ കാറിൽ മൂന്നുപേരും ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, കർണാടകയിൽ നിന്ന് വാഹനം തിരിച്ചുവരുമ്പോൾ മകൻ വിഷ്ണു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.

കാണാതായ ദിവസം രാവിലെ മൂവരും സഞ്ചരിച്ച വാഹനം കർണാടക അതിർത്തി കടന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. വാണിയംകുളം കൃഷ്ണകൃപ വീട്ടിലെ അംഗങ്ങളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളാണ് ഷൊർണ്ണൂർ പോലീസിൽ പരാതി നൽകിയത്. വീട് പൂട്ടിയ നിലയിൽ കാണപ്പെട്ടതും മൂന്നുപേരുടെയും ഫോൺ സ്വിച്ച് ഓഫ് ആയതും സംശയത്തിനിടയാക്കിയിരുന്നു.

ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിന് പോകുകയാണെന്ന് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നതായാണ് വിവരം. എന്നാല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതും കുടുംബത്തെ ഒരുരീതിയിലും ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയും സംശയം ഉയരുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവരുടെ കാർ കണ്ടെത്തി.

വാഹനം മലപ്പുറത്ത് ഉപേക്ഷിച്ച് വിഷ്ണു കടന്നുകളഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഷൊർണ്ണൂർ പോലീസ്. മകൻ വിഷ്ണുവിനെ കണ്ടെത്താനായുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372345/palakkad-vaniyamkulam-missing-family-cctv-karnataka-border)