---
title: "വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി "
english_title: "Vadakara Kafir Screenshot Case: Court Verdict on DYFI Leader Ribesh Ramakrishnan Bail on Thursday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372336/vadakara-kafir-screenshot-case-dyfi-ribesh-bail-verdict-thursday-new"
published_at: "2026-07-14T14:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f6249c8e10_kafir.jpg"
keywords: ["Latest news", "Vadakara", "KafirCase", "DYFI", "Jithin Basker", "Ribesh Ramakrishnan"]
---

# വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി 

> **Lead Summary:** വടകര: **[** വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും.

## Article Content

വടകര: **[** വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും.

കേസിൽ തന്നെ പ്രതി ചേർക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് റിബേഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഇതിന്മേലുള്ള വിധി മാറ്റിവെക്കുകയായിരുന്നു. അതേസമയം, ഗൗരവമേറിയ കേസാണിതെന്നും റിബേഷിന് മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.

കേസിലെ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിൽ കോടതി നാളെ വിധി പറയും. നേരത്തെ ജാമ്യത്തിലിറങ്ങിയ ജിതിൻ ഭാസ്കർ വ്യവസ്ഥകൾ ലംഘിച്ച് മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ഫേസ്ബുക്ക് വഴി അന്വേഷണ സംഘത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജിതിന് സിപഐഎം സ്വീകരണം നൽകിയ സംഭവത്തിൽ, സർക്കാരിനെയും പോലീസിനെയും വെല്ലുവിളിച്ച് നാട്ടിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ജിതിനെ ഒന്നാം പ്രതിയാക്കി വടകര പോലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകരായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സിപഐഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ 'വടകര സ്ക്വാഡിൽ' നിന്നാണ് കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്നും ഇത് ആദ്യം ഷെയർ ചെയ്തത് റിബേഷ് രാമകൃഷ്ണനാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ജിതിൻ ഭാസ്കറിൽ നിന്നാണ് റിബേഷിന് ഈ സ്ക്രീൻഷോട്ട് ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ ഈ കേസ് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372336/vadakara-kafir-screenshot-case-dyfi-ribesh-bail-verdict-thursday-new)