---
title: "കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്"
english_title: "KT Jaleel At Fault In Student Humiliation Case Child Welfare Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372289/kt-jaleel-student-humiliation-child-welfare-report"
published_at: "2026-07-14T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55cc4b4468f_kt-jaleel-student-humiliation-child-welfare-report.jpg"
keywords: ["KT Jaleel", "Mannarkkad", "Student Issue", "Child Rights", "Bindu Krishna"]
---

# കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം: **പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി** **അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിനൊടുവിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു.

## Article Content

**തിരുവനന്തപുരം: **പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി** **അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിനൊടുവിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും ജലീൽ തന്റെ തെറ്റ് തിരിച്ചറിയണമെന്നും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന വേദിയിൽ വെച്ച്, അക്ഷരത്തെറ്റ് വരുത്തിയ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി കെ.ടി. ജലീൽ ചെവിയിൽ നുള്ളുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ജലീലിന്റെ നടപടി ബാലാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് അടക്കമുള്ള സംഘടനകൾ പരാതി നൽകി.

താൻ ഒരു അധ്യാപകൻ എന്ന നിലയിലാണ് കുട്ടികളോട് സംവദിച്ചതെന്നും, വേദനിപ്പിക്കാൻ വേണ്ടി ചെവിയിൽ പിടിച്ചതല്ലെന്നും കെ.ടി. ജലീൽ വിശദീകരിച്ചു. കുട്ടികളിൽ പൊതുവായന കുറയുന്നുണ്ടെന്ന് തോന്നിയിട്ടാണ് ചില ചോദ്യങ്ങൾ ചോദിച്ചത്. ഏതെങ്കിലും കുട്ടിക്കോ രക്ഷിതാവിനോ അപമാനമായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും എന്നാൽ ബോധപൂർവം അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജയിലിൽ പോകാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിലിരിക്കുന്ന കുട്ടിയോട് 'എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?' എന്ന് ചോദിച്ച് പരിഹസിച്ചാണ് കുട്ടികളെ അദ്ദേഹം വേദിയിലേക്ക് വിളിച്ചത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്. കുട്ടികളെ വേദിയിൽവെച്ച് ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

സംസം എന്നാൽ എന്താണ് അർഥം? പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിക്കുന്നുണ്ട്. വായനാശീലം വേണം, മൊബൈൽ ഉപയോഗിക്കുന്നതും അറിവ് വർധിപ്പിക്കാൻ വേണ്ടിയാവണം തുടങ്ങിയ ഉപദേശങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372289/kt-jaleel-student-humiliation-child-welfare-report)