---
title: "വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്, പ്രതികൾക്കായി തിരച്ചിൽ ഊർജിതം "
english_title: "Bihar Woman Constable Alleges Abduction and Rape, Police Denies Charges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372211/bihar-vaishali-woman-constable-abduction-rape-allegation"
published_at: "2026-07-13T19:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54f44ba7874_bihar-vaishali-woman-constable-abduction-rape-allegation.jpg"
keywords: ["Bihar News", "Vaishali", "Woman Constable", "Abduction Case", "Bihar Police"]
---

# വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്, പ്രതികൾക്കായി തിരച്ചിൽ ഊർജിതം 

> **Lead Summary:** പട്ന : ബിഹാറിലെ വൈശാലി ജില്ലയിൽ വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബത്തിന്റെ പരാതി. എന്നാൽ, യുവതിയും പ്രതിയും തമ്മിലുള്ള മുൻപരിചയവും വ്യക്തിവൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്നും തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.

## Article Content

പട്ന : ബിഹാറിലെ വൈശാലി ജില്ലയിൽ വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബത്തിന്റെ പരാതി. എന്നാൽ, യുവതിയും പ്രതിയും തമ്മിലുള്ള മുൻപരിചയവും വ്യക്തിവൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്നും തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.

വനിതാ കോൺസ്റ്റബിളും പ്രായപൂർത്തിയാകാത്ത സഹോദരിയും പിതാവിനൊപ്പം റോഡിലൂടെ സഞ്ചരിക്കുമ്പോൾ സുബോധ് പസ്വാൻ എന്നയാളും സഹോദരനും മറ്റ് രണ്ടുപേരും ചേർന്ന് ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവിനെ പ്രതികൾ മർദിച്ചു. തുടർന്ന് പെൺകുട്ടികളെ ഒരു വീട്ടിൽ തടങ്കലിൽ പാർപ്പിക്കുകയും വനിതാ കോൺസ്റ്റബിളിനെ സുബോധ് പസ്വാൻ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാൽ പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പ് പ്രതികൾ രക്ഷപ്പെട്ടു.

പ്രതി വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നും, മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും കോൺസ്റ്റബിളിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംഭവത്തിൽ തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ലെന്ന് മഹുവാ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സഞ്ജീവ് കുമാർ അറിയിച്ചു. യുവതിയും പ്രതിയായ സുബോധും തമ്മിൽ മുൻപ് പ്രണയത്തിലായിരുന്നു. യുവതിക്ക് കോൺസ്റ്റബിളായി ജോലി ലഭിച്ചതോടെ ഇയാളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രതി യുവതിയെ ഉപദ്രവിക്കുകയാണുണ്ടായതെന്ന് പൊലീസ് പറയുന്നു.

ഇരുവരും നേരത്തെ വിവാഹിതരായിരുന്നു എന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ കോൺസ്റ്റബിളിനെ നിലവിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. കുടുംബത്തിന്റെ ഔദ്യോഗിക പരാതി ലഭിച്ച ശേഷം കേസ് റജിസ്റ്റർ ചെയ്യുമെന്നും, ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372211/bihar-vaishali-woman-constable-abduction-rape-allegation)