---
title: "കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്"
english_title: "MSF Demands Case Against KT Jaleel For Humiliating Students In Mannarkkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372182/msf-demands-case-kt-jaleel-mannarkkad-children-humiliation"
published_at: "2026-07-13T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bcec116f3_msf-demands-case-kt-jaleel-mannarkkad-children-humiliation.jpg"
keywords: ["KT Jaleel", "MSF", "Child Rights", "Palakkad News"]
---

# കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

> **Lead Summary:** **പാലക്കാട്: ** മണ്ണാർക്കാട് നടന്ന വിജയോത്സവത്തിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് ആവശ്യപ്പെട്ടു.

## Article Content

**പാലക്കാട്: ** മണ്ണാർക്കാട് നടന്ന വിജയോത്സവത്തിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ പരസ്യമായി അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ലെന്നും, കായികമായി ഉപദ്രവിച്ച നടപടി ബാലാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. മണ്ണാർക്കാട് നഗരസഭ 19, 20 ,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ.

പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികളിൽ ഹിന്ദിക്ക് എ പ്ലസ് നേടിയവരെ വേദിയിലേക്ക് വിളിച്ചുവരുത്തിയ കെ.ടി. ജലീൽ, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി  എഴുതിയതിൽ അക്ഷരത്തെറ്റുകൾ ഉണ്ടായതിനെ തുടർന്ന്, എല്ലാവരുടെയും മുന്നിൽ വെച്ച് അദ്ദേഹം കുട്ടികളെ പരിഹസിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തു. 

> "സദസ്സിലിരിക്കുന്ന കുട്ടിയോട് 'എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?' എന്ന് ചോദിച്ച് പരിഹസിച്ചാണ് കുട്ടികളെ അദ്ദേഹം വേദിയിലേക്ക് വിളിച്ചത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്. കുട്ടികളെ വേദിയിൽവെച്ച് ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

സംസം എന്നാൽ എന്താണ് അർഥം? പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിക്കുന്നുണ്ട്. വായനാശീലം വേണം, മൊബൈൽ ഉപയോഗിക്കുന്നതും അറിവ് വർധിപ്പിക്കാൻ വേണ്ടിയാവണം തുടങ്ങിയ ഉപദേശങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372182/msf-demands-case-kt-jaleel-mannarkkad-children-humiliation)