---
title: "ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം"
english_title: "Edathua Tragedy: Pregnant Woman and Husband Die, Family Alleges Domestic Abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372164/edathua-pregnant-woman-husband-suicide-domestic-abuse-allegation"
published_at: "2026-07-13T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54b31d0eb87_Edathua_Tragedy.jpg"
keywords: ["Edathua News", "Domestic Violence", "Kerala Suicide", "Alappuzha", "Harishma Case"]
---

# ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം

> **Lead Summary:** എടത്വ: ഗർഭിണിയായ യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. സംഭവത്തിൽ ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. എടത്വ സ്വദേശി ഹരീഷ്മയെ രണ്ട് ദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.

## Article Content

എടത്വ: ഗർഭിണിയായ യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. സംഭവത്തിൽ ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. എടത്വ സ്വദേശി ഹരീഷ്മയെ രണ്ട് ദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.

വിവാഹശേഷം ഭർത്താവ് സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നും ആണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഹരീഷ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.സനുക്കുട്ടൻ സംഭവസമയത്ത് ദോഹയിൽ ജോലിക്ക് ആയിരുന്നു. ഒരു മാസം മുൻപാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. നാലുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി.

ബംഗളൂരു വഴി നെടുമ്പാശേരിയിൽ എത്തുമെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ വിമാനത്താവളത്തിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി. ബംഗളൂരു വിമാനത്താവളത്തിൽ എത്തിയതായി സ്ഥിരീകരിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് ബംഗളൂരുവിലെ ഒരു ലോഡ്ജിൽ സനുക്കുട്ടനെ മരിച്ച നിലയിൽ കണ്ടെത്തി.

മൃതദേഹം വൈദേഹി ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. ഞായറാഴ്ച മാവേലിക്കരയിൽ നടന്ന ഹരീഷ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സനുക്കുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കൾ തടഞ്ഞിരുന്നു. സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരനും മാത്രമാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372164/edathua-pregnant-woman-husband-suicide-domestic-abuse-allegation)