---
title: "ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം"
english_title: "Delay In Ambulance After Nadapuram River Rescue Sparks Outrage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372155/nadapuram-vishnumangalam-ambulance-delay-rescue-operation-new"
published_at: "2026-07-13T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54aa920d5df_nadapuram-vishnumangalam-ambulance-delay-rescue-operation.jpg"
keywords: ["Nadapuram News", "Fire Force Rescue", "Vishnumangalam", "Kozhikode"]
---

# ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം

> **Lead Summary:** **കോഴിക്കോട് : ** നാദാപുരം വിഷ്ണുമംഗലം പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം മിനുട്ടുകൾക്കകം കരക്കെത്തിച്ചെങ്കിലും ആബുലൻസ് എത്താൻ വൈകിയത് അരമണിക്കൂർ നേരം. ആബുലൻസ് വിളിക്കുന്നതിൽ പൊലീസിന് സംഭവിച്ച ഏകോപന കുറവ് ഗുരുതര വീഴ്ച്ചയായി. യുവാവിൻ്റെ മൃതദേഹം റോഡരികിൽ കിടത്തിയത് മുപ്പത് മിനുട്ടോളം.

## Article Content

**കോഴിക്കോട് : ** നാദാപുരം വിഷ്ണുമംഗലം പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം മിനുട്ടുകൾക്കകം കരക്കെത്തിച്ചെങ്കിലും ആബുലൻസ് എത്താൻ വൈകിയത് അരമണിക്കൂർ നേരം. ആബുലൻസ് വിളിക്കുന്നതിൽ പൊലീസിന് സംഭവിച്ച ഏകോപന കുറവ് ഗുരുതര വീഴ്ച്ചയായി. യുവാവിൻ്റെ മൃതദേഹം റോഡരികിൽ കിടത്തിയത് മുപ്പത് മിനുട്ടോളം.

എന്നാൽ വിഷ്ണുമംഗലം പുഴയിൽ നാട്ടുകാരുടെ സഹായത്തോടെ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം. സ്കൂബ ഡൈവിംഗ് ടീം പുറത്തെടുത്ത യുവാവിന് ജീവനുണ്ടായിരുന്നെങ്കിൽ ആബുലൻസ് വൈകിയാലുള്ള വീഴ്ച്ച എത്രയാകുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് പ്രസക്തി ഏറെയാണ്.

രാവിലെ അഞ്ചുമണിയോടെയാണ് വളയം സ്വദേശി ഇടിക്കുന്നുമ്മൽ രഞ്ജിത്ത് (42) നെ കാണാതായത്. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ വിഷ്ണുമംഗലം പാലത്തിന് സമീപത്തു വെച്ച് യുവാവിന്റെ ബൈക്കും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പുഴയിൽ വീണതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ നാദാപുരം ഫയർസ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും നാദാപുരം നിലയത്തിലെ സ്കൂബ ഡൈവിംഗ് ടീം അംഗങ്ങളായ അഖിൽ എൻ.കെ വൈഷ്ണവ്ജിത് എന്നിവർ വെള്ളത്തിനടിയിൽ തിരച്ചിൽ നടത്തുകയും പെട്ടെന്ന് തന്നെ യുവാവിനെ കണ്ടെത്തുകയും പുറത്തെടുക്കുകയായിരുന്നു.

ഉടൻ തന്നെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആബുലൻസ് എത്തുമെന്ന് പറഞ്ഞെങ്കിലും ഏറെ കഴിഞ്ഞും എത്തിയില്ല. ഒടുവിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാം കുനി സ്വകാര്യ ആബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

നാദാപുരം ഫയർഫോഴ്‌സിന് സ്വന്തമായി ആബുലൻസ് സൗകര്യമില്ല. പൊലീസാണ് ആബുലൻസ് വിളിച്ചു വരുത്തേണ്ടത്. എന്നാൽ വളയം പൊലീസ് ഇന്ന് ഇൻക്വസ്റ്റ് നടത്തേണ്ട മറ്റ് രണ്ട് മരണങ്ങൾ ഉണ്ടായിരുന്നു. ഇതായിരിക്കാം പൊലീസിൻ്റെ ഏകോപന കുറവിന് കാരണമെന്ന് വിലയിരുത്തുന്നത്.

മഴക്കാലമായതിനാൽ വിഷ്ണുമംഗലം ബണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇതിനിടെയാണ് രഞ്ജിത്ത് പുഴയിൽ വീണത്. രക്ഷപ്രവർത്തനത്തിൽ സിനിയർ ഫയർ & റെസ്ക്യൂ ഓഫീസർ രവിന്ദ്രൻ കെ, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ സുദീപ് എസ്. ഡി, ഷാഗിൽ. കെ, സന്തോഷ്‌.സി,ജിഷ്ണു. ആർ,അശ്വിൻ മലയിൽ, പ്രജീഷ് പി,സുജിത് വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372155/nadapuram-vishnumangalam-ambulance-delay-rescue-operation-new)