---
title: "അർധരാത്രിയിലെ ആഘോഷം ദുരന്തമായി; ബാങ്കോക്ക് പബ്ബിൽ തീ പടർന്നു; 27 മരണം, 63 പേർക്ക് പരിക്ക്"
english_title: "Massive Bangkok Pub Fire Kills 27, Injures 63; Short Circuit Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372062/bangkok-pub-fire-kills-27-injures-63-short-circuit"
published_at: "2026-07-13T08:22:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a545321b60c0_fire.jpg"
keywords: ["Bangkok Fire", "Thailand Pub Accident", "Anutin Charnvirakul", "International News"]
---

# അർധരാത്രിയിലെ ആഘോഷം ദുരന്തമായി; ബാങ്കോക്ക് പബ്ബിൽ തീ പടർന്നു; 27 മരണം, 63 പേർക്ക് പരിക്ക്

> **Lead Summary:** **ബാങ്കോക്ക്: ** ബാങ്കോക്കിലെ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചു. വടക്കൻ ബാങ്കോക്കിൽ പ്രവർത്തിച്ചിരുന്ന പബ്ബിൽ അർധരാത്രി പാർട്ടി നടക്കുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തിൽ 63 പേർക്ക് പരിക്കേറ്റു. രക്ഷപ്പെടുന്നതിനിടെയുള്ള തിരക്കിലും മറ്റും പെട്ട് ശുചിമുറികളിൽ ഒളിച്ചവരുൾപ്പെടെയുള്ളവരാണ് മരിച്ചത്.

## Article Content

**ബാങ്കോക്ക്: ** ബാങ്കോക്കിലെ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചു. വടക്കൻ ബാങ്കോക്കിൽ പ്രവർത്തിച്ചിരുന്ന പബ്ബിൽ അർധരാത്രി പാർട്ടി നടക്കുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തിൽ 63 പേർക്ക് പരിക്കേറ്റു. രക്ഷപ്പെടുന്നതിനിടെയുള്ള തിരക്കിലും മറ്റും പെട്ട് ശുചിമുറികളിൽ ഒളിച്ചവരുൾപ്പെടെയുള്ളവരാണ് മരിച്ചത്.

തായ്‍ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ അപകട സ്ഥലം സന്ദർശിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. കട്ട് ഓഫ് സ്വിച്ചിന്റെ ഭാഗത്ത് തീ പടരുന്നത് കണ്ടയുടൻ സെക്കന്റുകൾക്കുള്ളിൽ പബ്ബ് മുഴുവൻ തീ ആളിപ്പടരുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു.

ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പബ്ബ് പൂർണമായും കത്തിനശിച്ചു. വാരാന്ത്യ ആഘോഷങ്ങൾക്കായി നിരവധി ആളുകൾ പബ്ബിലുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 2022-ലും സമാനമായ രീതിയിൽ ബാങ്കോക്കിലെ ഒരു പബ്ബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. തീ പടരുന്നതും ആളുകൾ പരിഭ്രമിച്ചോടുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372062/bangkok-pub-fire-kills-27-injures-63-short-circuit)