---
title: "'എങ്ങനെയും ജയിക്കും' എന്ന അമിത ആത്മവിശ്വാസം വിനയായി, അധികാര വ്യാമോഹം പാർട്ടിക്ക് തിരിച്ചടിയായി; വിമർശിച്ച് സിപിഐഎം കേന്ദ്രനേതൃത്വം"
english_title: "CPI(M) Central Leadership Criticizes Kerala Unit Over Election Defeat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372061/cpim-central-committee-criticizes-kerala-unit-election-defeat-"
published_at: "2026-07-13T08:11:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a545112d06c6_cpim.jpg"
keywords: ["CPI(M)", "Kerala Election", "MA Baby", "CPM Central Committee", "BJP Kerala", "Political News"]
---

# 'എങ്ങനെയും ജയിക്കും' എന്ന അമിത ആത്മവിശ്വാസം വിനയായി, അധികാര വ്യാമോഹം പാർട്ടിക്ക് തിരിച്ചടിയായി; വിമർശിച്ച് സിപിഐഎം കേന്ദ്രനേതൃത്വം

> **Lead Summary:** **തിരുവനന്തപുരം :** നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഐഎം സംസ്ഥാന ഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന്റെ രൂക്ഷവിമർശനം. അമിത ആത്മവിശ്വാസവും ഭരണത്തുടർച്ചയുണ്ടാക്കിയ സംഘടനാപരമായ വിള്ളലുകളുമാണ് തോൽവിക്ക് കാരണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തി.

## Article Content

**തിരുവനന്തപുരം :** നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഐഎം സംസ്ഥാന ഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന്റെ രൂക്ഷവിമർശനം. അമിത ആത്മവിശ്വാസവും ഭരണത്തുടർച്ചയുണ്ടാക്കിയ സംഘടനാപരമായ വിള്ളലുകളുമാണ് തോൽവിക്ക് കാരണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തി.

പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ അടിയന്തര മാറ്റം വേണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടാണ് യോഗത്തിൽ ചർച്ചയായത്. ഇടതുപക്ഷ നയത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയെന്നും പത്തുവർഷത്തെ ഭരണം സംഘടനാ കരുത്തിൽ വിള്ളൽ ഉണ്ടാക്കിയെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

'എങ്ങനെയും ജയിക്കും' എന്ന അമിത ആത്മവിശ്വാസമാണ് തോൽവിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. നേതാക്കൾക്കിടയിലുള്ള അധികാരമോഹവും സ്ഥാനമോഹവും പാർട്ടിയിൽ വിമത ശബ്ദങ്ങൾ ശക്തമാക്കാൻ ഇടയാക്കി. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുള്ള വിമർശനങ്ങളെ നേതൃത്വം പുച്ഛത്തോടെ തള്ളിക്കളഞ്ഞത് തിരിച്ചടിയായി.

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരിച്ചടി പരിശോധിക്കാൻ ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് അവസാനിക്കും. എംഎ ബേബി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും കടുത്ത വിമർശനമുണ്ട്. സ്ഥാന മോഹങ്ങൾ നേതാക്കൾക്കിടയിൽ കൂടിയെന്നും ഇത് സംഘടനാപരമായി പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്നും, പാർട്ടി അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ ബിജെപി വലിയ ഭീഷണിയാകുമെന്നും എം.എ. ബേബി അവതരിപ്പിച്ച അവലോകന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372061/cpim-central-committee-criticizes-kerala-unit-election-defeat-)