---
title: "നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം"
english_title: "Legendary Singer S Janaki Passes Away: Final Rites Held with State Honors in Mysuru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372025/s-janaki-death-mysuru-state-funeral-tribute"
published_at: "2026-07-12T18:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a538cd619baf_Legendary_Singer_S_Janaki_.jpg"
keywords: ["S Janaki", "Janaki Amma", "Mysuru", "Playback Singer", "National Award"]
---

# നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം

> **Lead Summary:** മൈസൂരു: സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി പ്രണാമം അർപ്പിച്ചാണ് രാജ്യം യാത്രാമൊഴിയേകിയത്. മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിന്‍റെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം.

## Article Content

മൈസൂരു: സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി പ്രണാമം അർപ്പിച്ചാണ് രാജ്യം യാത്രാമൊഴിയേകിയത്. മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിന്‍റെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം.

രാഷ്ട്രീയ സാസ്കാരിക ചലച്ചിത്ര പിന്നണിഗാന പ്രതിഭകളടക്കം പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്കാര ചടങ്ങുകൾ. മൈസുരു മഹാരാജ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷമാണ് കനിയനഹുണ്ടി ഫാം ഹൗസിൽ സംസ്കാരത്തിനായി ജാനകിയുടെ ഭൗതിക ശരീരം എത്തിച്ചത്. ശേഷം സംസ്ഥാന സർക്കാർ പൂർണ ബഹുമതികൾ അർപ്പിച്ചു. പേരക്കുട്ടി അപ്സരയാണ് ജാനകിയമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ.

മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു എസ് ജാനകി അന്തരിച്ചത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013 ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചിരുന്നു. തെന്നിന്ത്യയാകെ കത്തിപ്പടർന്നൊരു അനശ്വര ഉജ്വല യാത്ര തുടങ്ങിയത് ആന്ധ്രാപ്രദേ‌ശിലെ ഗുണ്ടൂരിൽ നിന്നായിരുന്നു.

സംഗീതം ശാസ്ത്രീയമായി പഠിക്കാൻ മോഹിച്ചിട്ടും അത് നടക്കാതെ പോയൊരു തെലുങ്ക് പെണ്‍കുട്ടിയുടെ ജീവിതം മാറുന്നത് 1956 ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമായിരുന്നു. 57 ൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിൽ പാടി തുടക്കം. ആദ്യ വർഷം തന്നെ അഞ്ചു ഭാഷകളിൽ പാടി. 'കൊഞ്ചും ചിലങ്കൈ' എന്ന തമിഴ്ചിത്രത്തിൽ പാടിയ 'ശിങ്കാര വേലനെ ദേവ' എന്ന പാട്ടോടുകൂടിയാണ് തെന്നിന്ത്യയുടെ താരഗായികയായി എസ് ജാനകി മാറുന്നത്. എത്ര ഉയർന്ന സ്ഥായിയിലുള്ള ഗാനവും അനായാസം ആലപിക്കാനുള്ള വൈഭവം സമകാലികരിൽ നിന്നും അവരെ വ്യത്യസ്ഥയാക്കി.

വരികളുടെ അർത്ഥവും ഉച്ചാരണവും ചോദിച്ച് മനസിലാക്കി ഉള്ളം കടഞ്ഞ് പാടുന്ന ശൈലി അവരെ അതാത് ഭാഷക്കാർക്ക് സ്വന്തമാക്കി. 57ൽ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുൾ മൂടുകയോ എൻ വഴിയിൽ' എന്ന ഗാനത്തിലൂടെ മലയാളത്തിലേക്ക്. മലയാളികൾ ജാനകിയമ്മയെ കൂടുതൽ സ്നേഹിച്ചത് എം.എസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയായിരുന്നു.മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്കെത്തുന്നത് ജാനകിയിലൂടെയാണ്. അമ്മയ്ക്ക് ഏറ്റവും കൂടുതൽ സംസ്ഥാന പുരസ്കാരങ്ങൾ നൽകിയതും കേരളക്കര.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372025/s-janaki-death-mysuru-state-funeral-tribute)