---
title: "പണിപാളിയോ? '112' വിളിക്കാൻ മെസ്സിയോട് പോലീസ്; അർജന്റീനയെ ട്രോളി കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ്; പരാതിയുമായി ആരാധകർ"
english_title: "Kerala Police Facebook Post Trolling Argentina And FIFA Sparks Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372008/kerala-police-facebook-post-argentina-fifa-controversy-complaint-"
published_at: "2026-07-12T16:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a536e5cb4e0d_karala_police_messi_troll.jpg"
keywords: ["Kerala Police", "Argentina", "FIFA", "World Cup", "Lionel Messi", "Social Media Controversy", "Football Fans"]
---

# പണിപാളിയോ? '112' വിളിക്കാൻ മെസ്സിയോട് പോലീസ്; അർജന്റീനയെ ട്രോളി കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ്; പരാതിയുമായി ആരാധകർ

> **Lead Summary:** **മലപ്പുറം: ** ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അർജന്റീനയെയും ഫിഫയെയും പരിഹസിച്ചുകൊണ്ട് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റ് വിവാദത്തിൽ. സംഭവത്തിൽ ഉന്നത അധികാരികൾക്ക് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് പരാതി നൽകി.

## Article Content

**മലപ്പുറം: ** ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അർജന്റീനയെയും ഫിഫയെയും പരിഹസിച്ചുകൊണ്ട് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റ് വിവാദത്തിൽ. സംഭവത്തിൽ ഉന്നത അധികാരികൾക്ക് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് പരാതി നൽകി.

മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റി എന്നിവർക്കാണ് പരാതി സമർപ്പിച്ചത്. ഒരു സർക്കാർ സംവിധാനത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജ് ചില ഉദ്യോഗസ്ഥർ അവരുടെ വ്യക്തിപരമായ താല്പര്യത്തിനും ഫാൻസ് പോരിനും വേണ്ടി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ വികാരത്തെ അപമാനിക്കുന്ന രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും മത്സരത്തിന്റെ റഫറിയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിൽ ഗ്രാഫിക്സ് വഴി കേരളത്തിന്റെ ഭൂപടം കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു കേരള പൊലീസ് പോസ്റ്റ് പങ്കുവെച്ചത്. കളിക്കളത്തിൽ അർജന്റീനയ്ക്ക് റഫറിയുടെ അനധികൃത സഹായം ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള ട്രോളുകളെ ഓർമിപ്പിക്കുന്നതായിരുന്നു ഈ ചിത്രം. 'നിങ്ങൾക്ക് ഞങ്ങളുണ്ട്' എന്ന ടാഗ് ലൈനും 'അടിയന്തര സഹായങ്ങൾക്ക് വിളിക്കാം 112' എന്ന സന്ദേശവും ചിത്രത്തോടൊപ്പം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372008/kerala-police-facebook-post-argentina-fifa-controversy-complaint-)