---
title: "മന്ത്രിക്കുപോലും ഈ ഗതി...പിന്നെ  സാധാരണക്കാരൻ എന്തുചെയ്യും?; ബസ്സിൽ ടിക്കറ്റെടുക്കാൻ ചില്ലറയില്ല, ഗതാഗതമന്ത്രി ഇറക്കിവിട്ട് കണ്ടക്ടർ"
english_title: "Karnataka Minister Byrathi Suresh Conducts Secret Bus Ride, Conductor Asks Him To Get Off"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371993/bengaluru-minister-byrathi-suresh-secret-bus-check-conductor"
published_at: "2026-07-12T14:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5354a6daa63_bus.jpg"
keywords: ["Bengaluru News", "BMTC", "Bus Conductor", "Karnataka Transport Minister"]
---

# മന്ത്രിക്കുപോലും ഈ ഗതി...പിന്നെ  സാധാരണക്കാരൻ എന്തുചെയ്യും?; ബസ്സിൽ ടിക്കറ്റെടുക്കാൻ ചില്ലറയില്ല, ഗതാഗതമന്ത്രി ഇറക്കിവിട്ട് കണ്ടക്ടർ

> **Lead Summary:** **ബെംഗളൂരു: ** നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ രഹസ്യപരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗതമന്ത്രി ബൈരതി സുരേഷിന് നേരിടേണ്ടി വന്നത് കൗതുകകരമായ അനുഭവം. മന്ത്രിയാണെന്ന് തിരിച്ചറിയാതെ, ചില്ലറയില്ലെന്ന കാരണത്താൽ ബസ്സിൽ നിന്നും കണ്ടക്ടർ അദ്ദേഹത്തെ ഇറക്കിവിട്ടു.

## Article Content

**ബെംഗളൂരു: ** നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ രഹസ്യപരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗതമന്ത്രി ബൈരതി സുരേഷിന് നേരിടേണ്ടി വന്നത് കൗതുകകരമായ അനുഭവം. മന്ത്രിയാണെന്ന് തിരിച്ചറിയാതെ, ചില്ലറയില്ലെന്ന കാരണത്താൽ ബസ്സിൽ നിന്നും കണ്ടക്ടർ അദ്ദേഹത്തെ ഇറക്കിവിട്ടു.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ്സിലായിരുന്നു സംഭവം. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസ്സിൽ സാധാരണക്കാരനെപ്പോലെ മന്ത്രി കയറി. രണ്ട് ടിക്കറ്റുകൾക്കായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി.

എന്നാൽ, കൈവശം ചില്ലറയില്ലെന്നും അതിനാൽ കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസ്സിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ മന്ത്രിയോട് കർശനമായി ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർക്ക് മന്ത്രിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തർക്കത്തിനൊന്നും നിൽക്കാതെ മന്ത്രി ബസ്സിൽ നിന്നും പുറത്തിറങ്ങി.

വൈകുന്നേരം 7.10 മുതൽ 9.10 വരെയായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. ബസ്സിലെ അനുഭവത്തിന് ശേഷം അദ്ദേഹം ഒരു ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. മീറ്ററിൽ 30 രൂപ കാണിച്ചിട്ടും ഡ്രൈവർ 36 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ മീറ്റർ ഉടൻ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി.

ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്നും ഇറങ്ങിയത്. യാത്രയിലെ അനുഭവങ്ങൾ മന്ത്രി തന്നെ വെളിപ്പെടുത്തുകയും ഇതിന്റെ വീഡിയോകൾ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371993/bengaluru-minister-byrathi-suresh-secret-bus-check-conductor)