---
title: "ക്ലാസ്മുറിയിലെ ക്രൂരത; മലപ്പുറത്ത് പത്തുവയസ്സുകാരിയെ മർദ്ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ"
english_title: "Malappuram Teacher Suspended And Arrested For Beating 10-Year-Old Girl, Breaking Her Hand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371976/malappuram-teacher-suspended-arrested-beating-student-hand-broken"
published_at: "2026-07-12T11:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a532b518f5fa_malappuram_case.jpg"
keywords: ["Malappuram News", "School Violence", "Teacher Arrest", "MSM HSS", "Child Abuse", "Kerala Education"]
---

# ക്ലാസ്മുറിയിലെ ക്രൂരത; മലപ്പുറത്ത് പത്തുവയസ്സുകാരിയെ മർദ്ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ

> **Lead Summary:** **മലപ്പുറം : ** കൽപകഞ്ചേരി കല്ലിങ്ങലിൽ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കല്ലിങ്ങൽ എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് സ്കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.

## Article Content

**മലപ്പുറം : ** കൽപകഞ്ചേരി കല്ലിങ്ങലിൽ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കല്ലിങ്ങൽ എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് സ്കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.

വെള്ളിയാഴ്ചയായിരുന്നു കല്ലിങ്ങല്‍ സ്വദേശിയായ പത്ത് വയസുകാരിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദ നമേല്‍ക്കുന്നത്. പനി കാരണം മൂന്ന് ദിവസം സ്കൂളിൽ വരാതിരുന്ന പത്തുവയസ്സുകാരി ക്ലാസിലെത്തിയപ്പോൾ അധ്യാപകൻ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. നോട്ട്ബുക്കിൽ എഴുതിക്കൊണ്ടിരിക്കവേ അധ്യാപകൻ ചൂരൽ കൊണ്ട് കുട്ടിയുടെ വലതു കൈപ്പത്തിയിൽ ആഞ്ഞടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കൈപ്പത്തി പൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിലും സ്കൂൾ മാനേജ്‌മെന്റിനും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു തവനൂർ ജയിലിലേക്കയച്ചു. ഇതിനു പിന്നാലെയാണ് സ്കൂൾ അധികൃതർ അധ്യാപകനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371976/malappuram-teacher-suspended-arrested-beating-student-hand-broken)