---
title: "പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ  ചോദ്യം ചെയ്യും"
english_title: "Kannur Payyannur Toddler Devansh Shaurya Death Case: Postmortem Says No Need For Anesthesia, 3 Doctors To Be Questioned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371959/kannur-payyannur-toddler-devansh-shaurya-death-postmortem-3-doctors-questioned-new-"
published_at: "2026-07-12T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53115e9f02c_kannur_baby_death.jpg"
keywords: ["Devansh Shaurya", "Medical Negligence", "Toddler Death", "Anesthesia", "BMH Hospital", "Kerala Police"]
---

# പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ  ചോദ്യം ചെയ്യും

> **Lead Summary:** **കണ്ണൂർ: ** പയ്യന്നൂരിൽ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട അടിയന്തര സാഹചര്യം അപ്പോൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

## Article Content

**കണ്ണൂർ: ** പയ്യന്നൂരിൽ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട അടിയന്തര സാഹചര്യം അപ്പോൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

ഈ സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ, അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാൾ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുക. ഇവർ രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിന് പൊലീസ് നോട്ടീസ് നൽകി.

എന്നാൽ, മൂന്ന് ഡോക്ടർമാരുടെയും ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന്റെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യ കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റത്. തുടർന്ന് തുന്നലിടാനായി (സ്റ്റിച്ച്) പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് അനസ്തീഷ്യ നൽകിയതിന് പിന്നാലെ നില അതീവ ഗുരുതരമാകുകയായിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരിച്ചത്.

അതേസമയം ഒന്നോ രണ്ടോ സ്റ്റിച്ച് ഇട്ടാല്‍ മതിയാകും എന്നാണ് മുന്‍പ് കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതെന്ന് കൂടുംബം പറഞ്ഞു. മറ്റ് കുട്ടികള്‍ക്ക് ഇനി ഇങ്ങനെ സംഭവിക്കരുത്. ആശുപത്രിയുടെ വിശ്വാസത്തെ ബിസിനസ് താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മനുഷ്യത്വ രഹിതമായ നടപടിയാണുണ്ടായതെന്നും അനസ്‌തേഷ്യ നല്‍കിയപ്പോള്‍ വീഴ്ച ഉണ്ടായോ എന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. ഇപ്പോള്‍ കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

ചെറിയ മുറിവിന് അനസ്‌തേഷ്യ നല്‍കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് കുടുംബം ചോദിക്കുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു. കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ തുടക്കത്തിലേ പറഞ്ഞിരുന്നു.

18,000 രൂപ നല്‍കിയാല്‍ മാത്രമേ ചികിത്സിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞെന്നും ആരോപണമുണ്ട്. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ നിലപാട്. ഡോക്ടറുടെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടായി. ഇന്‍ഞ്ചക്ഷന്‍ എടുത്തപ്പോള്‍ തന്നെ ബോധം പോയെന്നും വെള്ളം പോലും കൊടുക്കാന്‍ സമ്മതിച്ചില്ലെന്നും കുടുംബം ആരോപണമുന്നയിക്കുന്നു.

ഇന്‍ഞ്ചക്ഷന്‍ എടുത്തപ്പോള്‍ ഡോസ് കൂടിയതായി പിഴവ് ആശുപത്രി സമ്മതിച്ചെന്നും ചെറിയ കുട്ടിക്ക് അനസ്‌തേഷ്യ നല്‍കേണ്ട ആവശ്യമുണ്ടോ എന്നാണ് മറ്റ് ഡോക്ടര്‍മാര്‍ ചോദിക്കുന്നതെന്നും കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371959/kannur-payyannur-toddler-devansh-shaurya-death-postmortem-3-doctors-questioned-new-)