---
title: "പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ആശുപത്രി മാനേജ്മെന്റിനുമെതിരെ നടപടി വേണം, നിലപാട് കടുപ്പിച്ച് കുടുംബം, പോലീസ് അന്വേഷണം തുടരുന്നു"
english_title: "Kannur Baby Death: Payyannur Baby Memorial Hospital, Case, Child Death, Anesthesiologist"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371936/kannur-baby-death-payyannur-baby-memorial-hospital-case-child-death-anesthesiologist"
published_at: "2026-07-12T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51a393e1a5b_baby_death_kannur.jpg"
keywords: ["Latest News", "Child Death", "Kannur Baby Death", "Payyannur Baby Memorial Hospital", "Anesthesiologist", "Case"]
---

# പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ആശുപത്രി മാനേജ്മെന്റിനുമെതിരെ നടപടി വേണം, നിലപാട് കടുപ്പിച്ച് കുടുംബം, പോലീസ് അന്വേഷണം തുടരുന്നു

> **Lead Summary:** **കണ്ണൂർ: പ**യ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

## Article Content

**കണ്ണൂർ: പ**യ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവ‍ർക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടർമാരെ ചോദ്യം ചെയ്യും.

മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനൊപ്പം, ശിശുരോഗ വിഭാഗം ഡോക്ടർ ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

പിന്നാലെ കുടുംബാംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുമായി പയ്യന്നൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി.

ഡോക്ടർമാരെക്കൂടി പ്രതിചേർക്കാമെന്ന പൊലീസിന്റെയും, അന്വേഷണവുമായി സഹകരിക്കുമെന്ന മാനേജ്മെന്റിന്റെയും ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡി.എം.ഒയുടെ നിർദേശപ്രകാരം പുതിയ മെഡിക്കൽ ബോർഡും ഉടൻ രൂപീകരിക്കും.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി കിട്ടിയ ശേഷമാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. കുഞ്ഞിനെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും ആശുപത്രിയിൽ എത്തിയിട്ടില്ല.

ഇന്നലെയാണ് പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യ മരിച്ചത്. മൃതദേഹം അമ്മയുടെയും അച്ഛന്റെയും വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371936/kannur-baby-death-payyannur-baby-memorial-hospital-case-child-death-anesthesiologist)