---
title: "തുടർ തോൽവികൾ: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 ഇന്ന്; തോറ്റാൽ ഇന്ത്യയ്ക്ക് ഒന്നാം റാങ്കും നഷ്ടമാകും"
english_title: "IND vs ENG 4th T20: India Aim to Avoid Whitewash and Retain No.1 T20 Ranking"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371893/ind-vs-eng-4th-t20-southampton-india-avoid-whitewash"
published_at: "2026-07-11T17:33:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52317c857a4_IND_vs_ENG_4th_T20.jpg"
keywords: ["India vs England T20", "Suryavanshi", "Shreyas Iyer", "ICC T20 Rankings", "Southampton Cricket", "Team India", "England vs India", "T20 Series", "Whitewash"]
---

# തുടർ തോൽവികൾ: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 ഇന്ന്; തോറ്റാൽ ഇന്ത്യയ്ക്ക് ഒന്നാം റാങ്കും നഷ്ടമാകും

> **Lead Summary:** സതാംപ്ടൺ: യുവതാരം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തോടെ പുതിയൊരു യുഗത്തിന് തുടക്കമിടാൻ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് ഇറങ്ങിയ ഇന്ത്യൻ ടീമിനെ കാത്തിരുന്നത് നാണക്കേടിന്റെ റെക്കോർഡുകൾ.

## Article Content

സതാംപ്ടൺ: യുവതാരം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തോടെ പുതിയൊരു യുഗത്തിന് തുടക്കമിടാൻ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് ഇറങ്ങിയ ഇന്ത്യൻ ടീമിനെ കാത്തിരുന്നത് നാണക്കേടിന്റെ റെക്കോർഡുകൾ.

അയർലൻഡിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യ കൈവിട്ടു കഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് കളി ജയിച്ച് ഇംഗ്ലണ്ട് ഇതിനകം പരമ്പര സ്വന്തമാക്കി (3-0). സതാംപ്ടണിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിലും പരാജയപ്പെട്ടാൽ പരമ്പരയിലെ വൈറ്റ് വാഷ് എന്ന നാണക്കേടുകൂടി ഇന്ത്യയ്ക്ക് പേറേണ്ടി വരും.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ട്വന്റി 20 ഫോർമാറ്റിൽ തുടർച്ചയായ 5 മത്സരങ്ങളിൽ ടീം പരാജയപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ട്വന്റി 20 പരമ്പരയിൽ ഇന്ത്യ തോൽക്കുന്നതും ഇതാദ്യമായാണ്. ട്വന്റി 20 പരമ്പരകളിൽ ഇതിന് മുൻപ് 2023-ൽ വെസ്റ്റ് ഇൻഡീസിനെതിരെ മാത്രമാണ് (3-2) ഇന്ത്യ മൂന്ന് മത്സരങ്ങൾ തോറ്റിട്ടുള്ളത്.

മൂന്നോ അതിലധികമോ മത്സരങ്ങളുള്ള പരമ്പരകളിൽ ഇന്ത്യ ഇതുവരെ വൈറ്റ് വാഷ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സതാംപ്ടണിൽ ഇന്ന് പരാജയപ്പെട്ടാൽ അത് ടീമിന് കനത്ത തിരിച്ചടിയാകും. ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിൽ ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് അവർ ഒന്നാം സ്ഥാനത്തെത്തും.

ഹാരി ബ്രൂക്ക് - ബ്രണ്ടൻ മക്കല്ലം സഖ്യത്തിന് കീഴിൽ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട്, അവസാനമായി കളിച്ച 22 മത്സരങ്ങളിൽ 19-ലും വിജയിച്ചിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പര്യടനത്തിൽ ആകെ ആശ്വസിക്കാനുള്ളത് ടോസ് ഭാഗ്യം മാത്രമാണ്. കഴിഞ്ഞ മത്സരത്തിൽ അയ്യർ 48 പന്തിൽ 80 റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും മറ്റ് ബാറ്റ്സ്മാൻമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല.

> പരിക്കറ്റ ഹർഷിത് റാണയും വരുൺ ചക്രവർത്തിയും പരമ്പരയിൽ നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ശിവം ദുബെയ്ക്ക് പകരം സൂര്യൻഷ് ഷെഡ്ഗെയെ ഇന്ന് ടീമിൽ ഉൾപ്പെടുത്തിയേക്കും. "രണ്ട് വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ചെറിയ ഗ്രൗണ്ടുകളിൽ 250 റൺസ് അടിക്കുന്ന ടീം മാത്രമാകാനല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്.

> മറിച്ച് ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെ മെൽബണിലെയും പോലെ വലിയ ഗ്രൗണ്ടുകളിലും വ്യത്യസ്തമായ സാഹചര്യങ്ങളിലും മികച്ച കളി പുറത്തെടുക്കാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കഴിയണം," ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോസ്ചാറ്റെ വ്യക്തമാക്കി. പിച്ചിന്റെ വലിയ ബൗണ്ടറികൾ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് വലിയ വെല്ലുവിളിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371893/ind-vs-eng-4th-t20-southampton-india-avoid-whitewash)