---
title: "ഇത്തിരി പൊന്നിനായി ജീവൻ ...! ഇരുമ്പുവടികൊണ്ട് തലക്കടിച്ചു, മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു; ക്രൂരത വയോധികയുടെ മൂക്കുത്തിക്കുവേണ്ടി"
english_title: "Palakkad Murder: Elderly Woman Killed for Nose Rings, Body Burnt and Buried"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371890/palakkad-vadakarapathy-elderly-woman-murder-nose-ring-killed"
published_at: "2026-07-11T17:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a522e63872da_crime_palakkad.jpg"
keywords: ["Palakkad News", "Vadakarapathy Murder", "Murder of Elderly Woman", "Nose-stud Theft", "Palakkad Murder", "Kozhinjampara Crime", "Elderly Woman Killed", "Kerala Police"]
---

# ഇത്തിരി പൊന്നിനായി ജീവൻ ...! ഇരുമ്പുവടികൊണ്ട് തലക്കടിച്ചു, മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു; ക്രൂരത വയോധികയുടെ മൂക്കുത്തിക്കുവേണ്ടി

> **Lead Summary:** പാലക്കാട്: വടകരപ്പതിയിൽ വയോധികയെ കൊലപ്പെടുത്തി കത്തിച്ച് കുഴിച്ചുമൂടിയത് മൂക്കുത്തി കവർച്ചചെയ്യാൻവേണ്ടിയെന്ന് പോലീസ്. പ്രതികളെ ചോദ്യംചെയ്തതിൽനിന്നാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. പരിശോധനയിൽ പ്രതിയുടെ വീടിന്റെ ഭാഗത്തുനിന്നായി മൃതദേഹം കണ്ടെത്തി.

## Article Content

പാലക്കാട്: വടകരപ്പതിയിൽ വയോധികയെ കൊലപ്പെടുത്തി കത്തിച്ച് കുഴിച്ചുമൂടിയത് മൂക്കുത്തി കവർച്ചചെയ്യാൻവേണ്ടിയെന്ന് പോലീസ്. പ്രതികളെ ചോദ്യംചെയ്തതിൽനിന്നാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. പരിശോധനയിൽ പ്രതിയുടെ വീടിന്റെ ഭാഗത്തുനിന്നായി മൃതദേഹം കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ അട്ടയമ്പതി സ്വദേശി ഉദയകുമാർ, പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ എന്നിവരെ പോലീസ് തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയിട്ടുണ്ട്. ഉദയകുമാറിന്റെ വീടിന്റെ പിൻഭാഗത്തായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്.

ജൂൺ 10 മുതലാണ് സരസാളിനെ കാണാതായത്. തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് സരസാൾ പോകാനിടയുള്ള സ്ഥലങ്ങളൊക്കെ പോലീസ് പരിശോധിച്ചു. ഈ സമയത്താണ്, അയൽവാസികളായ രണ്ടുപേരെക്കൂടി കാണാനില്ലെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രതികളായ ഉദയകുമാറിനെയും പതിനേഴുകാരനെയും ഇതേദിവസംതന്നെ പ്രദേശത്തുനിന്ന് കാണാതായിരുന്നു. തുടർന്ന് പോലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു.

സരസാളിന്റെ കൈയിൽ രണ്ട് മൂക്കുത്തിയുണ്ടായിരുന്നു. ഇത് കൈക്കലാക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബാത്ത്റൂമിലെ ഡ്രമ്മിലിട്ട് മൃതദേഹം കത്തിച്ചതായാണ് പ്രതികൾ പറയുന്നത്. ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

വയോധിക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂക്കുത്തി മാത്രമായിരുന്നു സ്വർണമായി ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇത് കിട്ടാൻ വേണ്ടിയാണ് പ്രതികൾ ഇത്രയും ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളുടെ പക്കൽനിന്ന് പോലീസ് മുക്കുത്തി കണ്ടെത്തിയതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371890/palakkad-vadakarapathy-elderly-woman-murder-nose-ring-killed)