---
title: "  നിക്ഷേപകരെ കബളിപ്പിച്ച് രാജ്യംവിട്ടോ? സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്ര പോയ ദമ്പതികളെ കാണാനില്ല; കോടികൾ തട്ടിയെന്ന് പരാതി"
english_title: "Hyderabad Couple Missing in Switzerland After Alleged Rs 50 Crore Investment Fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371854/hyderabad-couple-missing-switzerland-rs-50-crore-fraud"
published_at: "2026-07-11T15:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a520f5042c6d_MISISNG.jpg"
keywords: ["Hyderabad News", "Investment Fraud", "Missing Couple", "Switzerland Trip", "Pabba Chandrasekhar", "Swapna", "Hyderabad Police", "50 Crore Scam"]
---

#   നിക്ഷേപകരെ കബളിപ്പിച്ച് രാജ്യംവിട്ടോ? സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്ര പോയ ദമ്പതികളെ കാണാനില്ല; കോടികൾ തട്ടിയെന്ന് പരാതി

> **Lead Summary:** **ഹൈദരാബാദ്: **സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്ര പോയ വ്യവസായിയെയും ഭാര്യയെയും മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. ഹൈദരാബാദ് സ്വദേശികളായ പബ്ബ ചന്ദ്രശേഖർ , ഭാര്യ സ്വപ്‌ന എന്നിവരെയാണ് കാണാതായത്.

## Article Content

**ഹൈദരാബാദ്: **സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്ര പോയ വ്യവസായിയെയും ഭാര്യയെയും മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. ഹൈദരാബാദ് സ്വദേശികളായ പബ്ബ ചന്ദ്രശേഖർ , ഭാര്യ സ്വപ്‌ന എന്നിവരെയാണ് കാണാതായത്.

ഇവർ നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് രാജ്യംവിട്ടതാണെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾ സ്വിറ്റ്‌സർലൻഡിലേക്ക് പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അവർ അവിടെനിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നോ എന്ന കാര്യത്തിൽ അധികൃതർ പരിശോധന നടത്തിവരികയാണ്.

ജൂൺ 22-നാണ് ഇരുവരും സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്രയ്ക്കായി പോയതെന്ന് മകൾ ശ്രേയ പോലീസിനോട് പറഞ്ഞു. തുടക്കത്തിൽ ബന്ധുക്കളുമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ജൂലൈ എട്ടിനുശേഷം ഫോൺവിളിയോ മെസേജോ ഉണ്ടായിട്ടില്ല. ഇരുവരുടേയും ഫോൺ സ്വിച്ച് ഓഫാണെന്നും മകൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിചെയ്യുന്ന മകൾ പോലീസിനെ വിവരമറിയിച്ചത്.

വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് യാത്രചെയ്ത ഇവർ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് എമിഗ്രേഷൻ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബിസിനസിൽ നിക്ഷേപിക്കാനെന്ന് അവകാശപ്പെട്ട് ചന്ദ്രശേഖരും ഭാര്യയും അറുപത് ആളുകളിൽനിന്നായി 50 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നാണ് ആരോപണം.

ആകർഷകമായ ലാഭമുണ്ടാകുമെന്ന് അവകാശപ്പെട്ടായിരുന്നു നിക്ഷേപം വാങ്ങിയിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് നേടിയെടുത്ത ഈ പണം തിരികെ നൽകിയില്ലെന്നാണ് നിക്ഷേപകരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വഞ്ചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371854/hyderabad-couple-missing-switzerland-rs-50-crore-fraud)