---
title: "സ്വത്തുതർക്കം  കലാശിച്ചത് ക്രൂര കൊലപാതകത്തിൽ; മകനെ വെട്ടിനുറുക്കി കൊന്നു നദിയിലൊഴുക്കി; മൂന്ന് വർഷത്തിന് ശേഷം പിതാവ് പിടിയിൽ"
english_title: "Father arrested murder young man Kumily"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371777/father-arrested-murder-young-man-kumily"
published_at: "2026-07-11T10:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ce1b5e5a6_CRIME.jpg"
keywords: ["Murder of a young man in Kumily", "property dispute", "Madras High Court", "Crime", "Latest News"]
---

# സ്വത്തുതർക്കം  കലാശിച്ചത് ക്രൂര കൊലപാതകത്തിൽ; മകനെ വെട്ടിനുറുക്കി കൊന്നു നദിയിലൊഴുക്കി; മൂന്ന് വർഷത്തിന് ശേഷം പിതാവ് പിടിയിൽ

> **Lead Summary:** **കുമളി: **മൂന്ന് വർഷമായി ദുരൂഹത നീങ്ങാതെ കിടന്ന യുവാവിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വെട്ടിനുറുക്കി നദിയിലൊഴുക്കിയ കേസിൽ അച്ഛൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.2023 ജൂലായ്‌ ഒമ്പതിന് തേനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**കുമളി: **മൂന്ന് വർഷമായി ദുരൂഹത നീങ്ങാതെ കിടന്ന യുവാവിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വെട്ടിനുറുക്കി നദിയിലൊഴുക്കിയ കേസിൽ അച്ഛൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.2023 ജൂലായ്‌ ഒമ്പതിന് തേനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തേനി എം.ജി.ആർ. നഗറിൽ ശ്രീകാന്തിനെ (20) കൊലപ്പെടുത്തിയ കേസിലാണ് അച്ഛൻ ബാലമുരുകൻ (49) ഇയാളുടെ സുഹൃത്ത് അലക്‌സ് (24) എന്നിവരെ അറസ്റ്റുചെയ്തത്. കൂട്ടുപ്രതി കറുപ്പ് സാമിയെ പിടികൂടാനായിട്ടില്ല. അച്ഛന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണായകമായത്.

 ബാലമുരുകന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് ശ്രീകാന്ത്. ബാലമുരുകൻ പിന്നീട് വേറൊരു വിവാഹം കഴിച്ചതോടെ അമ്മയ്ക്കും തനിക്കും സ്വത്തവകാശം വേണമെന്ന് ശ്രീകാന്ത് വാദിച്ചു. പലപ്പോഴും ഇരുവരും തമ്മിൽ വാക്കേറ്റവും മർദനവും നടന്നിരുന്നു.

ജൂലായ്‌ ഒമ്പതിന് വീട്ടിൽനിന്ന്‌ പുറത്തേക്ക് പോയ ശ്രീകാന്ത് പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. സംശയം തോന്നതിരിക്കാൻ ശ്രീകാന്തിന്റെ അമ്മ രാജലക്ഷ്മിയോടൊപ്പം ബാലമുരുകനും മകനെ തിരയാൻകൂടി. വർഷങ്ങൾ പലത് കടന്നിട്ടും മകനെ കുറിച്ച് വിവരം ലഭിക്കാത്തിനാൽ രാജലക്ഷ്മി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ 2026 ഏപ്രിലിൽ കേസ് അന്വേഷിക്കാൻ സി.ബി.സി.ഐ.ഡി. പോലീസിനോട് ഉത്തരവിട്ടു.

ബാലമുരുകന്റെ സുഹൃത്തായ അലക്‌സിനെ ചോദ്യം ചെയ്തതോടെയാണ് അരുംകൊല പുറംലോകം അറിഞ്ഞത്. ശ്രീകാന്തിനെ കാണാതായ അതേദിവസംതന്നെ അരൺമനപുത്തൂരിലെ മുല്ലൈനഗർ പ്രദേശത്തെ ബാലമുരുകനും അലക്‌സും കറുപ്പസാമിയും ചേർന്ന് വയൽപതിയിലെ മുല്ലപ്പെരിയാർ നദിക്ക് സമീപമുള്ള ഒരു ശ്മശാനത്തിൽവെച്ച് ശ്രീകാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കശാപ്പ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി നദിയിൽ എറിഞ്ഞുകളയുകയുമായിരുന്നു.

ഈസമയം കനത്തമഴ കാരണം മുല്ലപ്പെരിയാറിൽനിന്ന്‌ നദിയിലേക്ക് അമിതമായി വെള്ളം ഒഴുകിയിരുന്നു. ഇക്കാരണത്താൽ ശരീരഭാഗങ്ങൾ എവിടെയും കണ്ടെത്താനായില്ല. കൊലചെയ്യാൻ ഉപയോഗിച്ച രണ്ട് കത്തികൾ തേനി-മധുര റോഡിലെ താമരൈക്കുളം ഭാഗത്തുനിന്നും പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371777/father-arrested-murder-young-man-kumily)