---
title: "പുകഞ്ഞുരുകി സ്‌പെയിൻ;  കാട്ടുതീ പടർന്ന് രണ്ട് കുട്ടികളടക്കം 12 മരണം "
english_title: " wildfires spread across Spain, 12 dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371765/heatwave-wildfires-spread-across-spain-12-dead"
published_at: "2026-07-11T09:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51c402a80b4_fghjk.jpg"
keywords: ["Latest news", "Heatwave", "Wildfires", "Spain", "Death"]
---

# പുകഞ്ഞുരുകി സ്‌പെയിൻ;  കാട്ടുതീ പടർന്ന് രണ്ട് കുട്ടികളടക്കം 12 മരണം 

> **Lead Summary:** മാഡ്രിഡ്: **[** അതിശക്തമായ ഉഷ്ണതരംഗത്തെ തുടർന്ന് സ്‌പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ കാട്ടുതീയിൽ 12 പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ ബ്രിട്ടീഷ് പൗരന്മാരാണ്.

## Article Content

മാഡ്രിഡ്: **[** അതിശക്തമായ ഉഷ്ണതരംഗത്തെ തുടർന്ന് സ്‌പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ കാട്ടുതീയിൽ 12 പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ ബ്രിട്ടീഷ് പൗരന്മാരാണ്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ നിലയിലാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറുകൾക്കുള്ളിൽ നിന്ന് പരിക്കേറ്റ നിലയിലും ആളുകളെ കണ്ടെത്തിയിട്ടുണ്ട്.

ദുരന്തത്തിൽ 23 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ വിർജെൻ ഡെൽ റോസിയോ ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തമായ കാട്ടുതീയിൽ 4,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായി അൻഡലൂഷ്യൻ പ്രസിഡന്റ് ജുവാൻമ മൊറേനോ അറിയിച്ചു.

തെക്കൻ പ്രവിശ്യയായ മലാഗയിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് ആയിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മേഖലയിൽ ഇപ്പോഴും തീ പടരുകയാണ്. തീയണക്കാൻ 150 ലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്ന് അൻഡലൂഷ്യൻ ആക്ടിങ് മന്ത്രി അന്റോണിയോ സാൻസ് പറഞ്ഞു.

സ്‌പെയിനിലെ 40 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് തീ പടരാൻ കാരണമായത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റ് നിലവിൽ രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371765/heatwave-wildfires-spread-across-spain-12-dead)