---
title: " വിവാഹാഘോഷത്തിനിടെ കണ്ണീർക്കടലായി നാട്; യുവാക്കളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്,  കണ്ണൂരിലെ അപകടം വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെ"
english_title: "Kannur Kudali car accident, Kannur vehicle accident,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371748/kannur-kudali-car-accident-kannur-vehicle-accident"
published_at: "2026-07-11T08:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51aec75eed3_kannur_accident.jpg"
keywords: ["Kannur Kudali car accident", "Kannur vehicle accident", "Latest News", "Accident", "Kannur Accident"]
---

#  വിവാഹാഘോഷത്തിനിടെ കണ്ണീർക്കടലായി നാട്; യുവാക്കളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്,  കണ്ണൂരിലെ അപകടം വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെ

> **Lead Summary:** **കണ്ണൂർ: ക**ണ്ണൂർ കൂടാളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത് . പരം ഛേദ്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.

## Article Content

**കണ്ണൂർ: ക**ണ്ണൂർ കൂടാളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത് . പരം ഛേദ്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.

തന്റെ അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സ്വദേശികളായ നാല് കൂട്ടുകാരുമൊത്താണ് അലവിൽ സ്വദേശിയായ ഷാൻ ബെംഗളൂരുവിൽനിന്ന് വൈകീട്ട് നാട്ടിലേക്ക് പുറപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ നീളുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഷാനും നാല് സുഹൃത്തുക്കളും കൂടി എത്തിയത്. വീട്ടിലെത്താൻ വെറും അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ്, സന്തോഷം നിറഞ്ഞ ആ യാത്ര മരണത്തിലേക്ക് വഴിമാറിയത് .വിവാഹാഘോഷത്തിന് അണിയാനുള്ള വസ്ത്രങ്ങളടക്കം കാറിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

മരത്തിലിടിച്ച് തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ഓരോരുത്തരെയായി ഓരോ ആംബുലൻസിലായി കയറ്റിവിട്ടു. തന്റെ ആംബുലൻസിൽ കയറ്റിയ ആൾക്ക് സി.പി.ആർ. കൊടുക്കാൻ ശ്രമിച്ചെങ്കിലും നില കൂടുതൽ വഷളാണെന്ന് തോന്നിയതിനാൽ ഉടൻ ആസ്പത്രിയിലേക്ക് പോകുകയായിരുന്നു .

അപകടവിവരമറിഞ്ഞ് അർധരാത്രി 12.30-ഓടെയാണ് വിവാഹവീട്ടിൽനിന്ന് ബന്ധുക്കൾ ചാലയിലെ ബി.എം.എച്ച്. ആസ്പത്രിയിലെത്തി. കൂടെ അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റും ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നില്ല.

രണ്ടു മാസം മുൻപാണ് ഷാനും സുഹൃത്തുക്കളും പഠനം പൂർത്തിയാക്കി ബെംഗളൂരുവിലെ വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചത്. ഒരേ കോളേജിലെ സഹപാഠികളായിരുന്ന ഇവർ, ജോലിയിൽ പ്രവേശിച്ച ശേഷമുള്ള ആദ്യത്തെ ഒത്തുചേരലിന്റെ സന്തോഷത്തിലായിരുന്നു. എന്നാൽ, ആ സന്തോഷയാത്ര ദുരന്തത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും. അപകടത്തിൽ പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371748/kannur-kudali-car-accident-kannur-vehicle-accident)