---
title: "ലോകകപ്പ് ആവേശം പ്രാണനെടുത്തു .... ഈജിപ്തിനെതിരെ മെസ്സി പെനാല്‍റ്റി മിസ്സാക്കി; പരിഹസിച്ചതിന്  യുവാവിനെ തല്ലിക്കൊന്നു  "
english_title: "Bangladesh Man,  Killed, Argentina Egypt Match, FIFA World Cup,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371727/Bangladesh-Man-Killed-Argentina-Egypt-Match-FIFA-World-Cup"
published_at: "2026-07-10T21:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a511ddb02038_bangladeshman_killed.jpg"
keywords: ["Latest News", "Crime", "Argentina Egypt Match", "FIFA World Cup", "Bangladesh Man"]
---

# ലോകകപ്പ് ആവേശം പ്രാണനെടുത്തു .... ഈജിപ്തിനെതിരെ മെസ്സി പെനാല്‍റ്റി മിസ്സാക്കി; പരിഹസിച്ചതിന്  യുവാവിനെ തല്ലിക്കൊന്നു  

> **Lead Summary:** ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന-ഈജിപ്ത് മത്സരത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബംഗ്ലാദേശില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഈജിപ്തിനെതിരെ മെസ്സി പെനാല്‍റ്റി മിസ്സാക്കിയത് പരിഹസിച്ചതിന് അര്‍ജന്റീന ആരാധകര്‍ യുവാവിനെ മര്‍ദിച്ചു കൊന്നുവെന്നാണ് ആരോപണം.

## Article Content

ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന-ഈജിപ്ത് മത്സരത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബംഗ്ലാദേശില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഈജിപ്തിനെതിരെ മെസ്സി പെനാല്‍റ്റി മിസ്സാക്കിയത് പരിഹസിച്ചതിന് അര്‍ജന്റീന ആരാധകര്‍ യുവാവിനെ മര്‍ദിച്ചു കൊന്നുവെന്നാണ് ആരോപണം.

മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം (35) ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ കുമില്ല എന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തെ ചായക്കടയിലരുന്നാണ് എല്ലാവരും അര്‍ജന്റീന-ഈജിപ്ത് മത്സരം കണ്ടത്. മത്സരം തുടങ്ങി പതിനഞ്ചാം മിനുട്ടില്‍ ഈജിപ്ത് ആദ്യ ഗോള്‍ നേടി. ഇരുപത്തിയൊന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി മെസ്സി പാഴാക്കിയിരുന്നു. ഈ ലോകകപ്പില്‍ മാത്രം മെസ്സി പാഴാക്കുന്ന രണ്ടാമത്തെ പെനാല്‍റ്റിയായിരുന്നു അത്.

മെസ്സി പെനാല്‍റ്റി പാഴാക്കിയതോടെ ഷരീഫുള്‍ ഇസ്ലാം ഒപ്പമുണ്ടായിരുന്ന അര്‍ജന്റീന ആരാധകരെ പരിഹസിച്ചു. ഷരീഫുള്‍ ഇസ്ലാമിന്റെ പരിഹാസത്തില്‍ പ്രകോപിതരായ അര്‍ജന്റീന ആരാധകര്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം കൈവിട്ടതോടെ ബാബു, മയിന്‍ ഉദ്ദീന്‍ മാലു എന്നിവര്‍ ചേര്‍ന്ന് ഷരീഫുള്‍ ഇസ്ലാമിന്റെ തലയ്ക്കടിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് ഷരീഫുള്‍ ഇസ്ലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓട്ടോ ഡ്രൈവറായ ഷരീഫുള്‍ ഇസ്ലാം ബ്രസീല്‍ ആരാധകനായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജന്റീന-ഈജിപ്ത് മത്സരത്തില്‍ ഈജിപ്തിനെയായിരുന്നു ഷരീഫുള്‍ ഇസ്ലാം പിന്തുണച്ചിരുന്നത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371727/Bangladesh-Man-Killed-Argentina-Egypt-Match-FIFA-World-Cup)