---
title: "ബൈക്ക് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി വഴി ചോദിക്കും; ഹോട്ടല്‍ മാനേജര്‍ ഒഴിവ് വേളകളില്‍ പുറത്തിറങ്ങുന്നതിന് പിന്നില്‍ മോഷണം, വയോധികയുടെ മാല കവർന്ന കോഴിക്കോട് സ്വദേശി പിടിയിൽ"
english_title: "kozhikode gold chain snatching arrest "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371726/kozhikode-gold-chain-snatching-arrest"
published_at: "2026-07-10T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a511801cbe35_CHAIN_SNACHING_ARREST.jpg"
keywords: ["Latest News", "Gold  Chain Snatching", "Arrest", "Kozhikode"]
---

# ബൈക്ക് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി വഴി ചോദിക്കും; ഹോട്ടല്‍ മാനേജര്‍ ഒഴിവ് വേളകളില്‍ പുറത്തിറങ്ങുന്നതിന് പിന്നില്‍ മോഷണം, വയോധികയുടെ മാല കവർന്ന കോഴിക്കോട് സ്വദേശി പിടിയിൽ

> **Lead Summary:** കോഴിക്കോട്: വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായി. റോഡിലൂടെ നടന്നുപോകുകയായിരുന്ന പൂളപ്പറമ്പ് സ്വദേശി ദേവകിയമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ച കേസില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശി വില്ലിക്കാട് ഷനൂപ് ആണ് അറസ്റ്റിലായത്.

## Article Content

കോഴിക്കോട്: വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായി. റോഡിലൂടെ നടന്നുപോകുകയായിരുന്ന പൂളപ്പറമ്പ് സ്വദേശി ദേവകിയമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ച കേസില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശി വില്ലിക്കാട് ഷനൂപ് ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതി മാലപൊട്ടിച്ചത്. ചാത്തമംഗലത്തിന് സമീപമാണ് കൃത്യം നടന്നത്. ആശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നു ദേവകിയമ്മ. ആശുപത്രിയില്‍ പോയി മടങ്ങിവരുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതി ദേവകിയമ്മയോട് വഴി ചോദിച്ചു.

വഴി പറഞ്ഞുകൊടുത്ത ശേഷം കുറച്ചുദൂരം മുന്നിലേക്ക് സഞ്ചരിച്ച് തിരിച്ചെത്തി ദേവകിയമ്മയുടെ കഴുത്തിലണിഞ്ഞ മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ദേവകിയമ്മ കുന്ദമംഗലം പൊലീസില്‍ പരാതിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസും സ്പെഷ്യല്‍ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിന് സമാനമായ വിധത്തില്‍ മോഷണം നടത്തിയവരേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചും പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഷനൂപ് പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സ്വര്‍ണാഭരണം പിടിച്ചുപറിച്ച കേസുകള്‍ നിലവിലുണ്ട്.

കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുകയാണ് പ്രതി. ജോലിയുടെ ഒഴിവുസമയങ്ങളിലാണ് മോഷണത്തിന് ഇറങ്ങുന്നത്. പിടികൂടിയ പ്രതിയെ തെളിവെടുപ്പിനുവേണ്ടി സംഭവസ്ഥലത്ത് എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371726/kozhikode-gold-chain-snatching-arrest)