---
title: "കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം,  സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു"
english_title: "Three year old girl dies tragically after falling into a waterlogged area caused by heavy rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371715/three-year-old-girl-dies-tragically-after-falling-into-a-waterlogged-area-caused-by-heavy-rain"
published_at: "2026-07-10T19:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a073b9ff1607_drowned.jpg"
keywords: ["Latest News", "Heavy Rain", "Girl Death", "Ghaziabad", "School Holiday"]
---

# കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം,  സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:** ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഗാസിയാബാദിൽ വിജയനഗറിൽ സർവോദയ നഗറിൽ താമസിക്കുന്ന മാൻവിയാണ് മുങ്ങി മരിച്ചത്. വീടിന് പുറത്തെ തെരുവിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കാൽ വഴുതി വീണാണ് അപകടം.

## Article Content

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഗാസിയാബാദിൽ വിജയനഗറിൽ സർവോദയ നഗറിൽ താമസിക്കുന്ന മാൻവിയാണ് മുങ്ങി മരിച്ചത്. വീടിന് പുറത്തെ തെരുവിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കാൽ വഴുതി വീണാണ് അപകടം.

കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കനത്ത മഴയെത്തുടർന്ന് യുപിയിലെ ഗാസിയാബാദിനും നോയിഡയിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീണതെന്നാണ് റിപ്പോർട്ടുകൾ

മാൻവി വെള്ളത്തിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. കുട്ടി കാണാതായതോടെ വീട്ടുകാരും അയൽവാസികളും തെരച്ചിൽ നടത്തുകയായിരുന്നു. ഒടുവിൽ വെള്ളക്കെട്ടിനുള്ളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഗാസിയാബാദിലും നോയിഡയിലും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. വസുന്ധര സെക്ടർ 13-ൽ നിർമ്മാണത്തിലിരുന്ന ബേസ്‌മെന്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് കാറും സ്കൂട്ടറും കുഴിയിൽ വീണു. നാഷണൽ ഹൈവേ-9-ലെ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.

മുൻകരുതൽ നടപടിയായി ഗാസിയാബാദിലെ സർക്കാർ സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ അപര്യാപ്തതയും മഴക്കാലത്തെ വെള്ളക്കെട്ടും മൂലമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371715/three-year-old-girl-dies-tragically-after-falling-into-a-waterlogged-area-caused-by-heavy-rain)