---
title: "'ദൈവമേ, ജീവനോടെ കിട്ടണേ...ഒടുവിൽ ആ മണ്ണിനടിയിൽ നിന്ന് ഒരു കൈയുടെ സ്പർശം, പക്ഷേ ജീവനോടെയല്ല... '; കള്ളാടി ദുരന്തഭൂമിയിലെ വേദന പങ്കുവെച്ച് മുക്കം ഫയർ ഓഫീസറുടെ കുറിപ്പ്"
english_title: "Kalladi landslide, Wayanad tunnel road accident, Mukkam Fire Officer, Facebook Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371695/kalladi-landslide-wayanad-tunnel-road-accident-mukkam-fire-officer-facebook-post"
published_at: "2026-07-10T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50d6417f37a_kalladi.jpg"
keywords: ["Latest News", "Kalladi Landslide", "Wayanad Tunnel Road Accident", "Mukkam Fire Officer", "Facebook Post"]
---

# 'ദൈവമേ, ജീവനോടെ കിട്ടണേ...ഒടുവിൽ ആ മണ്ണിനടിയിൽ നിന്ന് ഒരു കൈയുടെ സ്പർശം, പക്ഷേ ജീവനോടെയല്ല... '; കള്ളാടി ദുരന്തഭൂമിയിലെ വേദന പങ്കുവെച്ച് മുക്കം ഫയർ ഓഫീസറുടെ കുറിപ്പ്

> **Lead Summary:** **വയനാട്: **ഉരുൾപൊട്ടൽ വിഴുങ്ങിയ വയനാട് കള്ളാടിയിലെ രക്ഷാപ്രവർത്തനത്തിനിടെ താൻ അനുഭവിച്ച തീരാവേദനകൾ പങ്കുവെച്ച് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.എ. ഗഫൂർ.

## Article Content

**വയനാട്: **ഉരുൾപൊട്ടൽ വിഴുങ്ങിയ വയനാട് കള്ളാടിയിലെ രക്ഷാപ്രവർത്തനത്തിനിടെ താൻ അനുഭവിച്ച തീരാവേദനകൾ പങ്കുവെച്ച് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.എ. ഗഫൂർ.

കള്ളാടിയിലെ മണ്ണടിഞ്ഞ ദുരന്തഭൂമിയിൽ നിന്ന് മൃതദേഹം കണ്ടെടുത്ത ആ നിമിഷം തന്റെ മനസ്സിലുണ്ടായിരുന്ന വിങ്ങലുകളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിവരിച്ചത്.

**കുറിപ്പിന്റെ പൂർണ രൂപം**

> ***"എന്തൊരു വിധിയാണിത്..!! ഹൃദയാന്തരങ്ങളിലുള്ള സങ്കടം മഴയായി പെയ്യുന്നുണ്ട്.. ആ മണ്ണ് കോരിയെടുക്കുമ്പോൾ ഞങ്ങൾ തേടിയത് ഒരു മനുഷ്യനെ ആയിരുന്നു... ഓരോ മൺതരിയും മാറ്റുമ്പോഴും മനസ്സിൽ ഒരേയൊരു പ്രാർത്ഥനയായിരുന്നു — "ദൈവമേ, ജീവനോടെ കിട്ടണേ..." മണിക്കൂറുകളോളം നീണ്ട തിരച്ചിൽ... പ്രതീക്ഷയും നിരാശയും മാറിമാറി വന്ന നിമിഷങ്ങൾ... ഒടുവിൽ ആ മണ്ണിനടിയിൽ നിന്ന് ഒരു കൈയുടെ സ്പർശം അനുഭവപ്പെട്ടു. ആ നിമിഷം ഹൃദയം ഒന്ന് പിടഞ്ഞു. കണ്ടെത്തി...***

***പക്ഷേ ജീവനോടെയല്ല... ആ നിമിഷം ആ മണ്ണ് ഭാരമായിരുന്നില്ല, മറിച്ച് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും കണ്ണീരും ഞങ്ങളുടെ കൈകളിലേക്ക് വീണതുപോലെയായിരുന്നു.***

***രക്ഷാപ്രവർത്തകരായ ഞങ്ങൾ പലതും കാണാറുണ്ട്. പക്ഷേ ചില കാഴ്ചകൾ യൂണിഫോം ധരിച്ച ഞങ്ങളുടെ മനസ്സുകളെയും തളർത്തും. ചില നിശബ്ദതകൾ ഞങ്ങളുടെ ഫയർ എഞ്ചിനുകളുടെ സൈറണുകളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ ഹൃദയത്തെ കീറിമുറിക്കും.***

***ആ മണ്ണിനടിയിൽ കിടന്നത് ഒരു മൃതദേഹം മാത്രമായിരുന്നില്ല... ആരുടെയോ മകൻ... ആരുടെയോ സഹോദരൻ... ആരുടെയോ ഭർത്താവ്... ആരുടെയോ ലോകം മുഴുവൻ... കരഞ്ഞുകൊണ്ട് കാത്തിരിക്കുന്ന ആ കുടുംബത്തിന്റെ മുഖങ്ങൾ ഇവിടെ ഈ മൺ കൂനകൾക്കിടയിൽ നിന്ന് ഞാൻ മനസ്സിൽ കാണുന്നുണ്ട്... ജീവൻ രക്ഷിക്കാൻ ഓടിയെത്തുന്ന ഞങ്ങൾക്ക് ചിലപ്പോൾ മരണത്തെ മാത്രം തിരിച്ചേൽപ്പിക്കേണ്ടി വരും. അതാണ് ഈ ജോലിയുടെ ഏറ്റവും വലിയ വേദന... നിസ്സഹായതയും..***

***വിറ കൈകളോടെയാണ് മൊബൈലിൽ ഈ ചിത്രം പകർത്തുന്നത്.. ഇന്നും ഈ ചിത്രം കാണുമ്പോൾ കൈകളിൽ മണ്ണിന്റെ തണുപ്പും ഹൃദയത്തിൽ ആ കുടുംബത്തിന്റെ കണ്ണീരും ഞാൻ അനുഭവിക്കുന്നു... ചില രക്ഷാപ്രവർത്തനങ്ങൾ ഡ്യൂട്ടി അവസാനിക്കുമ്പോൾ അവസാനിക്കും... ചിലത് ജീവിതകാലം മുഴുവൻ മനസ്സിൽ കിടക്കും.***

> ***"ആ മനുഷ്യനെ ഞങ്ങൾ കണ്ടെത്തി... പക്ഷേ അദ്ദേഹത്തെ കാത്തിരുന്നവരുടെ സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല."***

***ഒന്ന് മിണ്ടാൻ പോലുമാവാത്ത നിസ്സഹായതയിൽ മനസ്സ് മരവിച്ചാണ് കള്ളാടിയിൽ നിന്ന് തിരിച്ചു പോരുന്നത്.. ദുരന്തമുണ്ടായ ഉടനെ ഓടിയെത്തിയതാണ് കള്ളാടി തുരങ്ക പാതക്കരികിലെ മൺ മലകൾക്കിടയിൽ..***

*** കാണാതായവർക്കായുള്ള തിരച്ചിലിനിടെ കണ്ട രക്തക്കറ മണ്ണ് മാറ്റി മാറ്റി ചെന്നെത്തിയ ഇരുമ്പ് പൈപ്പുകൾക്കിടയിലെ ഈ വിരലുകൾ എത്രയോ പേരുടെ സ്വപ്നങ്ങളുടെ നിറങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലാണെന്നത് ഏറെ സങ്കടകരം.. ആത്മാവിന് നിത്യശാന്തി നേരുന്നു.. എല്ലാം താങ്ങാനുള്ള ക്ഷമ ദൈവം ആ കുടുംബത്തിന് നൽകട്ടെ.. നെഞ്ചുലക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ..***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371695/kalladi-landslide-wayanad-tunnel-road-accident-mukkam-fire-officer-facebook-post)