---
title: "മതപരിവർത്തനവും ലവ് ജിഹാദും ആരോപിച്ച് ഉത്തർപ്രദേശിലെ കൗശാംബിയിൽ ദർഗ തകർത്തു"
english_title: "Dargah demolished in Kaushambi, Uttar Pradesh, on allegations of conversion and love jihad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371684/dargah-demolished-in-kaushambi-uttar-pradesh-on-allegations-of-conversion-and-love-jihad"
published_at: "2026-07-10T16:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50cdd75a57e_TYHJG.jpg"
keywords: ["Latest news", "Love jihad", "Kaushambi", "Uttar Pradesh", "Dargah"]
---

# മതപരിവർത്തനവും ലവ് ജിഹാദും ആരോപിച്ച് ഉത്തർപ്രദേശിലെ കൗശാംബിയിൽ ദർഗ തകർത്തു

> **Lead Summary:** കൗശാംബി:**[** ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള പ്രശസ്തമായ സയ്യിദ് സലാർ ഖാദി ദർഗ ഒരുകൂട്ടം ആളുകൾ ചേർന്ന് തകർത്തു. വ്യാഴാഴ്ച കോഖ്രാജ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്സാദ്പൂർ ഉപ്പാർ ഗ്രാമത്തിലാണ് സംഭവം.

## Article Content

കൗശാംബി:**[** ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള പ്രശസ്തമായ സയ്യിദ് സലാർ ഖാദി ദർഗ ഒരുകൂട്ടം ആളുകൾ ചേർന്ന് തകർത്തു. വ്യാഴാഴ്ച കോഖ്രാജ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്സാദ്പൂർ ഉപ്പാർ ഗ്രാമത്തിലാണ് സംഭവം.

ആക്രമണത്തിന് പിന്നിൽ ബജ്‌റംഗ് ദൾ പ്രവർത്തകരാണെന്ന് ദർഗ ഭാരവാഹികൾ ആരോപിച്ചു. എന്നാൽ, ദർഗ കേന്ദ്രീകരിച്ച് മതപരിവർത്തനം നടക്കുന്നുണ്ടെന്നാണ് ബജ്‌റംഗ് ദൾ നേതൃത്വത്തിന്റെ വാദം.

ഇരുപത്തിയഞ്ചോളം വരുന്ന അക്രമിസംഘം അതിക്രമിച്ചു കയറി ദർഗയുടെ പ്രവേശന കവാടവും മറ്റ് ഭാഗങ്ങളും തകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ദർഗയിലെ സൂക്ഷിപ്പുകാരനായ അസിം ബാബയെ ഇവർ ക്രൂരമായി മർദ്ദിച്ചു.

ദർഗ സന്ദർശിക്കാനെത്തിയ വിവിധ മതസ്ഥരായ ഭക്തർക്ക് നേരെയും അക്രമമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, തങ്ങൾ അക്രമം നടത്തിയിട്ടില്ലെന്നും ദർഗയിൽ മതപരിവർത്തനവും സ്ത്രീ പീഡനവും നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാൻ പോയതാണെന്നും ബജ്‌റംഗ് ദൾ ജില്ലാ കൺവീനർ ധീരേന്ദ്ര സിങ് അവകാശപ്പെട്ടു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമത്തിൽ തകർന്ന ദർഗയുടെ ഭാഗങ്ങൾ പുനർനിർമിച്ചു നൽകുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371684/dargah-demolished-in-kaushambi-uttar-pradesh-on-allegations-of-conversion-and-love-jihad)