---
title: "പോസ്റ്റൽ അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി തട്ടി; തപാൽ അസിസ്റ്റന്റും പോസ്റ്റ്മാനും സി.ബി.ഐ പിടിയിൽ"
english_title: "Postal Assistant and Postman arrested Fraud in Mangaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371640/postal-assistant-and-postman-arrested-Fraud-in-Mangaluru"
published_at: "2026-07-10T14:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50af55877f5_ARREST.jpg"
keywords: ["Latest News", "Mangalore", "Fraud", "Postal Assistant And Postman Arrested"]
---

# പോസ്റ്റൽ അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി തട്ടി; തപാൽ അസിസ്റ്റന്റും പോസ്റ്റ്മാനും സി.ബി.ഐ പിടിയിൽ

> **Lead Summary:** **മംഗളൂരു: [**പോസ്റ്റൽ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് തപാൽ ജീവനക്കാർ സി.ബി.ഐയുടെ പിടിയിലായി. സരഗൂർ ഡിവിഷനിലെ ശാന്തപുര പോസ്റ്റ് ഓഫീസിലെ പോസ്റ്റൽ അസിസ്റ്റന്റ് ദീപക്, പോസ്റ്റ്മാൻ കരയ്യ എന്നിവരെയാണ് ബംഗളൂരു ഗംഗാനഗർ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. 2022 മുതൽ 2025 വരെയുള്ള സമയത്താണ് ഇരുവരും ചേർന്ന് ഈ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

## Article Content

**മംഗളൂരു: [**പോസ്റ്റൽ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് തപാൽ ജീവനക്കാർ സി.ബി.ഐയുടെ പിടിയിലായി. സരഗൂർ ഡിവിഷനിലെ ശാന്തപുര പോസ്റ്റ് ഓഫീസിലെ പോസ്റ്റൽ അസിസ്റ്റന്റ് ദീപക്, പോസ്റ്റ്മാൻ കരയ്യ എന്നിവരെയാണ് ബംഗളൂരു ഗംഗാനഗർ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. 2022 മുതൽ 2025 വരെയുള്ള സമയത്താണ് ഇരുവരും ചേർന്ന് ഈ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

44 ഉപഭോക്താക്കളുടെ സേവിങ്സ് അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങളും പാസ്‌വേഡുകളും ദുരുപയോഗം ചെയ്ത് സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും ഇവർ പണം മാറ്റുകയായിരുന്നു.

ഇടപാടുകൾ കണ്ടെത്തുന്നത് ഒഴിവാക്കാൻ ഒന്നിലധികം അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറിയത്. 2025 മേയ് മാസത്തിൽ ദീപക് അവധിയിലായിരുന്നപ്പോൾ ഒരു ഉപഭോക്താവ് പോസ്റ്റ് ഓഫീസിൽ എത്തിയതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് മൈസൂരു ഡിവിഷൻ സീനിയർ സൂപ്രണ്ട് ഹരീഷ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

12 പോസ്റ്റ് ഓഫീസ് ശാഖകളിലായി നടത്തിയ ഓഡിറ്റിൽ 26,000-ത്തോളം അക്കൗണ്ടുകൾ പരിശോധിക്കുകയും അതിൽ 44 എണ്ണം ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു. മറ്റ് ചില ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ദീപക് ഇത്തരം ഇടപാടുകൾക്ക് വഴിയൊരുക്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

തപാൽ വകുപ്പ് ആദ്യം പ്രതികൾക്ക് നോട്ടീസ് നൽകിയെങ്കിലും ഇവർ കുറ്റം നിഷേധിക്കുകയായിരുന്നു. തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറി. 2026 മാർച്ചിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബംഗളൂരുവിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഈ തപാൽ ഡിവിഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371640/postal-assistant-and-postman-arrested-Fraud-in-Mangaluru)