---
title: "പ്രണയപ്പകയുടെ ക്രൂരമുഖം! അനിയന്മാരെ മുറിയിലിട്ടു പൂട്ടിയിട്ട് കാമുകിയെ കുത്തിപരുക്കേൽപ്പിച്ചു; പിന്നാലെ സ്വയം കഴുത്തറുത്ത് മുൻ കാമുകൻ"
english_title: "former lover barged into a newlywed woman's home, stabbed and injured her, and then attempted suicide by slitting his own throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371619/former-lover-barged-into-a-newlywed-womans-home-stabbed-and-injured-her-and-then-attempted-suicide-by-slitting-his-own-throat"
published_at: "2026-07-10T12:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a509f6987108_bangaluru.jpg"
keywords: ["Latest News", "Crime News", "Stabbed Case", "Vengeful Love", "Suicide Attempt", "Murder Attempt"]
---

# പ്രണയപ്പകയുടെ ക്രൂരമുഖം! അനിയന്മാരെ മുറിയിലിട്ടു പൂട്ടിയിട്ട് കാമുകിയെ കുത്തിപരുക്കേൽപ്പിച്ചു; പിന്നാലെ സ്വയം കഴുത്തറുത്ത് മുൻ കാമുകൻ

> **Lead Summary:** **ബെംഗളൂരു‌: ** പ്രണയപ്പകയെത്തുടർന്ന് നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിൽ താമസിക്കുന്ന പതിനെട്ടുകാരി നന്ദിനി ദാസിനാണ് കുത്തേറ്റത്. ആക്രമണത്തിനു ശേഷം പ്രതിയായ ബന്ദേ നവാസ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

## Article Content

**ബെംഗളൂരു‌: ** പ്രണയപ്പകയെത്തുടർന്ന് നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിൽ താമസിക്കുന്ന പതിനെട്ടുകാരി നന്ദിനി ദാസിനാണ് കുത്തേറ്റത്. ആക്രമണത്തിനു ശേഷം പ്രതിയായ ബന്ദേ നവാസ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നന്ദിനിയും ബന്ദേ നവാസും കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ നന്ദിനി മറ്റൊരാളെ വിവാഹം കഴിച്ചതിൽ പ്രതി കടുത്ത നിരാശയിലായിരുന്നു.

വ്യാഴാഴ്ച രാവിലെ നന്ദിനിയുടെ വീട്ടിലെത്തിയ പ്രതി മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. പിന്നാലെ വീട്ടിലുണ്ടായിരുന്ന നന്ദിനിയുടെ രണ്ട് ഇളയസഹോദരങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. ഇതിനുശേഷമാണ് നന്ദിനിയെ ക്രൂരമായി ആക്രമിച്ചത്.

യുവതിയുടെ വീട്ടിലെത്തിയ പ്രതി കഴുത്ത്, കൈകൾ, വാരിയെല്ല്, തുട എന്നിവിടങ്ങളിൽ മാരകമായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ചോരയൊലിച്ച് വീടിന് പുറത്തേക്ക് നിലവിളിച്ചോടിയതോടെയാണ് സംഭവം അയൽക്കാർ അറിഞ്ഞത്.

ഇതിനിടെ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെയും കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

നന്ദിനി മണിപ്പാൽ ആശുപത്രിയിലും, പ്രതി വൈദേഹി ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371619/former-lover-barged-into-a-newlywed-womans-home-stabbed-and-injured-her-and-then-attempted-suicide-by-slitting-his-own-throat)