---
title: "സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശനമില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് മാത്രം; കർശന നിയന്ത്രണവുമായി വിജയ് സർക്കാർ"
english_title: "Vijay Government Imposes Strict Restrictions on Political Activists in Schools"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371579/vijay-government-imposes-strict-restrictions-on-political-activists-in-schools"
published_at: "2026-07-10T11:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02addb786bb_vijay.jpg"
keywords: ["Latest News", "Chennai", "Vijay Government", "Strict Restrictions On Political Activists In Schools"]
---

# സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശനമില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് മാത്രം; കർശന നിയന്ത്രണവുമായി വിജയ് സർക്കാർ

> **Lead Summary:** **ചെന്നൈ:[ **തമിഴ്നാട്ടിലെ സ്കൂളുകളിൽ രാഷ്ട്രീയ ഇടപെടലുകൾ കർശനമായി നിയന്ത്രിച്ച് സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് മാത്രമുള്ളതാണെന്നും രാഷ്ട്രീയ വേദികളല്ലെന്നും ചൂണ്ടിക്കാട്ടി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹനാണ് സർക്കുലർ പുറത്തിറക്കിയത്.

## Article Content

**ചെന്നൈ:[ **തമിഴ്നാട്ടിലെ സ്കൂളുകളിൽ രാഷ്ട്രീയ ഇടപെടലുകൾ കർശനമായി നിയന്ത്രിച്ച് സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് മാത്രമുള്ളതാണെന്നും രാഷ്ട്രീയ വേദികളല്ലെന്നും ചൂണ്ടിക്കാട്ടി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹനാണ് സർക്കുലർ പുറത്തിറക്കിയത്.

ഇനിമുതൽ സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ്മുറികളിലും പ്രവേശനം അനുവദിക്കൂ. രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ പ്രവേശനം കർശനമായി തടഞ്ഞു.

വിദ്യാലയങ്ങളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും മുക്തമാക്കുക, സ്കൂൾ പരിസരങ്ങളിൽ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഉത്തരവിന്റെ പ്രധാന ലക്ഷ്യം. സർക്കാർ സ്കൂളുകളിൽ നടക്കുന്ന ഏത് പരിപാടിയും നിഷ്പക്ഷവും വിദ്യാഭ്യാസപരമായ അർത്ഥമുള്ളതുമായിരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അടുത്തിടെ സ്കൂളുകളിൽ നടന്ന ചില സംഭവങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. വിരുധനഗറിലെ സ്കൂളിൽ സന്ദർശനം നടത്തിയ വ്യവസായ മന്ത്രി എസ്. കീർത്തന വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ പരിഹസിച്ചത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, ടി.വി.കെ പ്രവർത്തകർ ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറി മുഖ്യമന്ത്രി വിജയ്-യുടെ ചിത്രം കാണിച്ച് വിദ്യാർത്ഥികളെക്കൊണ്ട് അത് തിരിച്ചറിയിക്കാൻ ശ്രമിച്ച സംഭവവും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായി അകറ്റിനിർത്താൻ എല്ലാ രാഷ്ട്രീയ നേതാക്കളോടും രക്ഷകർത്താക്കളോടും സഹകരിക്കാൻ മന്ത്രി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371579/vijay-government-imposes-strict-restrictions-on-political-activists-in-schools)