---
title: "തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല, 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണം; കർണാടകയിൽ മനംനൊന്ത് എട്ടാം ക്ലാസുകാരി ജീവനൊടുക്കി"
english_title: "Class 8 student commits suicide in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371570/class-8-student-commits-suicide-in-karnataka-"
published_at: "2026-07-10T11:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50853024a46_death.jpg"
keywords: ["Suicide", "Karnataka suicide case", "Theft accusation"]
---

# തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല, 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണം; കർണാടകയിൽ മനംനൊന്ത് എട്ടാം ക്ലാസുകാരി ജീവനൊടുക്കി

> **Lead Summary:** ബെം​ഗളൂരു: സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു. കർണാടകയിലെ അനേകലിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

## Article Content

ബെം​ഗളൂരു: സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു. കർണാടകയിലെ അനേകലിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അനേകൽ സൂര്യന​ഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ മോഷണത്തിൽ തനിക്കെതിരേ തെറ്റായ ആരോപണമുന്നയിച്ചതും അധ്യാപകർ അപമാനിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.

സ്കൂളിൽനിന്ന് ഒരിക്കൽ 20 രൂപയും 10 രൂപയും മോഷണംപോയ സംഭവമുണ്ടായി. ഇതിൽ അധ്യാപകർ തനിക്കെതിരേയാണ് ആരോപണമുന്നയിച്ചത്. അധ്യാപകർ തന്നെ വഴക്ക് പറഞ്ഞു. അധ്യാപകരുടെ അപമാനം താങ്ങാനാകാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.

തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. തന്റെ മരണത്തിൽ അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ പറയുന്നു.

സംഭവസമയം കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് നി​ഗമനം. വ്യാഴാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലുള്ള അമ്മയെ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371570/class-8-student-commits-suicide-in-karnataka-)