---
title: " ജയിലിൽവെച്ച് പ്രസവിക്കേണ്ടിവരുന്നത് ഒരുസ്ത്രീക്കും താങ്ങാനാകില്ലെന്ന് കോടതി, നാസിക് മതപരിവർത്തനക്കേസിൽ പ്രധാന പ്രതി നിദാ ഖാന് ജാമ്യം"
english_title: "Main accused Nida Khan granted bail in Nashik conversion case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371555/main-accused-nida-khan-granted-bail-in-nashik-conversion-case"
published_at: "2026-07-10T10:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a507c13864d6_CASE.jpg"
keywords: ["Nida Khan", "Bail", "Nasik conversion case"]
---

#  ജയിലിൽവെച്ച് പ്രസവിക്കേണ്ടിവരുന്നത് ഒരുസ്ത്രീക്കും താങ്ങാനാകില്ലെന്ന് കോടതി, നാസിക് മതപരിവർത്തനക്കേസിൽ പ്രധാന പ്രതി നിദാ ഖാന് ജാമ്യം

> **Lead Summary:** **മുംബൈ: **നാസിക്കിലെ വിവാദമായ ടിസിഎസ് മതപരിവർത്തന, ലൈംഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് കോടതി ജാമ്യം അനുവദിച്ചു. താൻ ഗർഭിണിയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് നാസിക് റോഡ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.ജി. ജോഷി 75,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലും ജാമ്യം നൽകിയത്.

## Article Content

**മുംബൈ: **നാസിക്കിലെ വിവാദമായ ടിസിഎസ് മതപരിവർത്തന, ലൈംഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് കോടതി ജാമ്യം അനുവദിച്ചു. താൻ ഗർഭിണിയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് നാസിക് റോഡ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.ജി. ജോഷി 75,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലും ജാമ്യം നൽകിയത്.

ജയിലിൽവെച്ച് കുഞ്ഞിന് ജന്മം നൽകേണ്ടിവരുന്നതിന്റെ മാനസി​കാഘാതം ഒരുസ്ത്രീക്കും താങ്ങാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ടിസിഎസ് മതപരിവർത്തനക്കേസിൽ ടിസിഎസ് ജീവനക്കാരിയായിരുന്ന നിദാ ഖാനെ ഇക്കഴിഞ്ഞ മേയ് ഏഴിനാണ് പൊലീസ് അറസ്റ്റ്ചെയ്തത്. 25 ദിവസത്തോളം ഒളിവിലായിരുന്ന പ്രതിയെ ഛത്രപതി സംഭാജിന​ഗറിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജയിലിൽ റിമാൻഡ് ചെയ്യുകയായിരുന്നു.

നിലവിൽ അഞ്ചുമാസം ​ഗർഭിണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിദാ ഖാൻ ജാമ്യംതേടി കോടതിയെ സമീപിച്ചത്. ഇതോടെയാണ് ​ഗർഭിണിയായ പ്രതിക്ക് ജാമ്യം നൽകാൻ കോടതി തീരുമാനിച്ചത്. ജയിലിൽവെച്ച് പ്രസവിക്കേണ്ടിവരുന്നത് ഒരുസ്ത്രീക്കും താങ്ങാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

​ഭ​ഗവാൻ ശ്രീകൃഷ്ണന്റെ ജനനവുമായി ബന്ധപ്പെടുത്തിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇത്തരം വേദനാജനകമായ സാഹചര്യം ഒഴിവാക്കാനും കുഞ്ഞിന്റെ ക്ഷേമത്തിനും വേണ്ടി പ്രതിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ​ഗർഭിണിയായ പ്രതിയെ തടവിൽ പാർപ്പിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, നിദാ ഖാന്റെയും കൂട്ടുപ്രതിയായ ഡാനിഷ് ഷെയ്ഖിന്റെയും ജാമ്യാപേക്ഷകൾ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനും ലൈം​ഗിക ചൂഷണത്തിനും പ്രതികൾക്കെതിരേ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

നാസിക്കിലെ ടിസിഎസ് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്ന യുവതികളെ ബ്രെയിൻവാഷ് ചെയ്തും ഭീഷണിപ്പെടുത്തിയും മതപരിവർത്തനത്തിന് ശ്രമിച്ചെന്നും ലൈം​ഗികമായി ചൂഷണംചെയ്തെന്നുമാണ് ആരോപണം. ഏറെ വിവാദമായ സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371555/main-accused-nida-khan-granted-bail-in-nashik-conversion-case)