---
title: "ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ"
english_title: "Six Congress workers arrested in the case involving the assault and forced head-shaving of three youths in Perumbavoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371526/six-congress-workers-arrested-in-the-case-involving-the-assault-and-forced-head-shaving-of-three-youths-in-perumbavoor"
published_at: "2026-07-10T09:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f383d9b493_kochi.jpg"
keywords: ["Latest News", "Attack Case", "Cannabis Case", "Kochi", "Congress", "Police Case"]
---

# ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ച് മൊട്ടയടിപ്പിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

## Article Content

**കൊച്ചി: **പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ച് മൊട്ടയടിപ്പിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

ബുധനാഴ്ചയായിരുന്നു സംഭവം. യുവാക്കളെ കോൺഗ്രസ് പ്രവർത്തകർ അതിക്രൂരമായി ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കിയെന്നായിരുന്നു പരാതി. കഞ്ചാവ് വിൽപ്പനക്കാരെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെയായിരുന്നു പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത് ഇവരാണ് അറസ്റ്റിലായിട്ടുള്ളത്.

അല്‍ഫാസ്, ഗോകുല്‍, ആല്‍ബിന്‍ എന്നീ യുവാക്കളെയാണ് തല മൊട്ടയടിച്ചത്. പ്രദേശത്തെ സോഡാ നിര്‍മാണ സ്ഥാപനത്തില്‍ ജോലി തേടി എത്തിയതായിരുന്നു യുവാക്കള്‍. സ്ഥലത്തെത്തിയപ്പോള്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു.

ഇവര്‍ കഞ്ചാവ് വില്‍പ്പനക്കായി വന്നതാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ശേഷം ട്രിമ്മര്‍ ഉപയോഗിച്ച് ബലമായി തല മൊട്ടയടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ശേഷം തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവസ്ത്രരാക്കി മര്‍ദിച്ചതായും ഇവര്‍ പറയുന്നു. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് ഇവര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ വാരിയേഴ്സാണ് അറസ്റ്റിലായവർ. മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ നടത്തിയ പരിപാടിയിൽ ഇവരും പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371526/six-congress-workers-arrested-in-the-case-involving-the-assault-and-forced-head-shaving-of-three-youths-in-perumbavoor)