---
title: "വീടല്ല, ഇതൊരു ബാങ്ക് ലോക്കർ...! റെയ്ഡ് നടത്താൻ ചെന്ന വിജിലൻസ് വരെ ഞെട്ടി; മുൻ ആർ.ടി.ഒ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് കോടികളും കിലോക്കണക്കിന് സ്വർണ്ണവും"
english_title: "Crores and kilos of gold seized from former RTO officer's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371523/crores-and-kilos-of-gold-seized-from-former-rto-officers-house"
published_at: "2026-07-10T09:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50681c6a114_rto.jpg"
keywords: ["Gold seized", "RTO officer's house", "Uttar Pradesh Vigilance", "Vigilance Raid"]
---

# വീടല്ല, ഇതൊരു ബാങ്ക് ലോക്കർ...! റെയ്ഡ് നടത്താൻ ചെന്ന വിജിലൻസ് വരെ ഞെട്ടി; മുൻ ആർ.ടി.ഒ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് കോടികളും കിലോക്കണക്കിന് സ്വർണ്ണവും

> **Lead Summary:** **ലഖ്നൗ: ** ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ വൻ റെയ്ഡിൽ മുൻ എ.ആർ.ടി.ഒ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് ഒന്നരക്കോടിയിലധികം രൂപയുടെ കറൻസിയും കിലോക്കണക്കിന് സ്വർണ്ണവും പിടിച്ചെടുത്തു. ആഗ്ര മുൻ എ.ആർ.ടി.ഒ ലളിത് കുമാറിന്റെ ലഖ്‌നൗവിലെ വസതിയിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ 1.62 കോടി രൂപയുടെ കള്ളപ്പണവും 13 കിലോ സ്വർണ്ണവും 9 കിലോ വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്.

## Article Content

**ലഖ്നൗ: ** ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ വൻ റെയ്ഡിൽ മുൻ എ.ആർ.ടി.ഒ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് ഒന്നരക്കോടിയിലധികം രൂപയുടെ കറൻസിയും കിലോക്കണക്കിന് സ്വർണ്ണവും പിടിച്ചെടുത്തു. ആഗ്ര മുൻ എ.ആർ.ടി.ഒ ലളിത് കുമാറിന്റെ ലഖ്‌നൗവിലെ വസതിയിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ 1.62 കോടി രൂപയുടെ കള്ളപ്പണവും 13 കിലോ സ്വർണ്ണവും 9 കിലോ വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്.

ലളിത് കുമാർ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വൻതോതിൽ നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക കോടതിയിൽ നിന്നും സെർച്ച് വാറണ്ട് വാങ്ങിയാണ് ലഖ്‌നൗവിലെ അലിഗഞ്ചിലുള്ള ഇയാളുടെ ആഡംബര വസതിയിൽ രണ്ട് ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്.

വീടിനുള്ളിലെ മുറികളിലും അലമാരകളിലുമായി പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് 1.62 കോടി രൂപ കണ്ടെത്തിയത്. പരിശോധന മുന്നോട്ട് പോയതോടെ വീടിന്‍റെ ചുവരുകൾക്കുള്ളിൽ അതീവ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ വിജിലൻസ് സംഘം കണ്ടെത്തി. ലളിത് കുമാറിന് മാത്രമായിരുന്നു ഈ രഹസ്യ അറകളെക്കുറിച്ച് അറിവുണ്ടായിരുന്നത്.

സ്വന്തം കുടുംബാംഗങ്ങൾ പോലും ഇതറിഞ്ഞിരുന്നില്ല. പരിശോധനയ്ക്കിടയിൽ അത്യാധുനിക ഡിജിറ്റൽ ലോക്കർ കണ്ട് വിജിലൻസ് സംഘം ഇതിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ടപ്പോൾ, താൻ പാസ്‌വേഡ് മറന്നുപോയി എന്നായിരുന്നു ലളിത് കുമാറിന്റെ മറുപടി. അന്വേഷണം വൈകിപ്പിക്കാനുള്ള മനഃപൂർവ്വമായ ശ്രമമായിരുന്നു ഇത്. തുടർന്ന് റെയ്ഡ് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടെങ്കിലും, ഒടുവിൽ സാങ്കേതിക വിദഗ്ദ്ധരെ എത്തിച്ച് ഡിജിറ്റൽ സേഫ് വിജയകരമായി തകർക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371523/crores-and-kilos-of-gold-seized-from-former-rto-officers-house)